ഒരു പരിശുദ്ധ പ്രവര്‍ത്തിയാണ് രക്തദാനം. സ്വാര്‍ത്ഥത കൈവെടിഞ്ഞ് മനുഷ്യന്‍ ചെയ്യുന്ന കര്‍മ്മങ്ങളിലൊന്നാണിത്. അപകടത്താലോ ഗുരുതരമായ രോഗം ബാധിച്ചോ ശരീരം വിട്ട് പറക്കാനൊരുങ്ങുന്ന ഒരു അജ്ഞാത ജീവനെ തടഞ്ഞുവയ്ക്കാന്‍ നമ്മള്‍ ദാനം നല്‍കുന്ന രക്തം സഹായിക്കുമെന്ന സംതൃപ്തി നമ്മെ വീണ്ടും വീണ്ടും രക്തബാങ്കുകളിലേക്ക് നയിക്കുന്നു.എന്നാല്‍ ഈ വിശുദ്ധ കര്‍മ്മത്തില്‍ മായം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങിക്കഴിഞ്ഞു. അനേകം കച്ചവടച്ചരക്കുകളില്‍ ഒന്നായി രക്തത്തെയും മാറ്റാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. രക്‌തബാങ്ക് മേധാവികള്‍ക്ക് ലഭിച്ചിരിക്കുന്ന ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇനിമുതല്‍ രക്തത്തിന് മൂന്നിരട്ടി വില ഈടാക്കണം. സര്‍ക്കാര്‍ രക്‌തബാങ്കുകളിലെ രക്‌തമെടുക്കുന്നതിന് മുന്നോടിയായി നല്‍കേണ്ട പരിശോധനാ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കുന്നതോടെ രക്തവിലയും കൂടും.നിലവില്‍ സര്‍ക്കാര്‍ രക്‌തബാങ്കുകളില്‍ നിന്ന് 300 മി. ലിറ്ററിന്റെ ഒരു രക്‌തബാഗ് വാങ്ങുമ്പോള്‍ 250 രൂപയാണ് കൊടുക്കേണ്ടത്. പുതിയ നിര്‍ദേശം അനുസരിച്ച് ഈ തുക മൂന്നിരട്ടിയായി 850 രൂപയാകും. അപകടവും ഗുരുതരമായ രോഗങ്ങളും പണക്കാര്‍ക്ക് മാത്രമേ ഉണ്ടാവൂ എന്ന ചിന്തയിലാണെന്ന് തോന്നുന്നു സര്‍ക്കാര്‍. പണമുള്ളവര്‍ക്ക് ജീവിക്കാം, ഇല്ലാത്തവര്‍ക്ക് ചത്തൊടുങ്ങാം എന്ന ആഗോളവല്‍ക്കരണ കാലത്തെ മുദ്രാവാക്യം കേരളാ സര്‍ക്കാരും ഏറ്റെടുക്കുന്നത് കാണാന്‍ കൌതുകമുണ്ട്. |