രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകളും സമീപനങ്ങളും വിലയിരുത്തപ്പെടുകയാണ് ഓരോ തെരഞ്ഞെടുപ്പിലും സംഭവിക്കുന്നത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോഴും നാം കണ്ടത് ഇതുതന്നെയാണ്. ദേശീയ രാഷ്ട്രീയത്തേയും ഭരണത്തേയും മാത്രമല്ല, സംസ്ഥാനങ്ങളിലെ ഭരണത്തേയും നേതാക്കളുടെ നിലപാടുകളേയും അത് വിലയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൊയ്തവര്‍ തങ്ങളുടെ നിലപാടുകളും സമീപനങ്ങളും കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടവര്‍ തെറ്റുകള്‍ തിരുത്തി ജനകീയമാകാനുള്ള സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഉത്തമമായ രാഷ്ട്രീയ മാതൃക. വിജയിച്ചവര്‍ക്ക് തങ്ങളുടെ നിലപാടുകള്‍ ജനകീയമായി നടപ്പിലാക്കാന്‍ ഒരു ഭരണകാലം മുഴുവന്‍ ലഭിക്കും. എന്നാല്‍ പരാജിതര്‍ക്കാകട്ടെ തങ്ങളുടെ തെറ്റുകള്‍ അടിയന്തരമായി തിരുത്തിക്കൊണ്ട് വേണം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍. ഈ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇടതു കക്ഷികള്‍ക്കാണ്. ആ നിലയ്ക്ക് പരാജയത്തിനേറ്റ കാരണങ്ങള്‍ പരിശോധിക്കേണ്ടതും തിരുത്തലുകള്‍ വരുത്തേണ്ടതും പ്രധാനമായും ഇടതു കക്ഷികള്‍ തന്നെയാണ്. ഏവരും പ്രതീക്ഷിച്ചതുപോലെ തന്നെ സിപിഎം കേന്ദ്ര നേതൃത്വം പരാജയത്തിന്‍റെ കാരണം പരിശോധിക്കുമെന്ന് വ്യക്തമാക്കിയത് ഇടതുപക്ഷ സ്നേഹികളില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുകയും ചെയ്തു. പരാജയ കാരണം വിലയിരുത്താന്‍ അടുത്ത മാസം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചേരാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകല്‍ തയ്യാറാക്കുന്നതിനുള്ള സംസ്ഥാന കമ്മിറ്റി യോഗമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രിയാത്മകമായ വിലയിരുത്തലുകളും പരിശോധനയുമാണ് സംസ്ഥാന കമ്മിറ്റികളില്‍ കാലാകാലങ്ങളായി നടന്നുപോന്നിരുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ കേരള ഘടകം ഇപ്പോള്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷമാണ് സംസ്ഥാന സമിതി യോഗം നടക്കുന്നത്. സെക്രട്ടേറിയറ്റിലും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലും നടക്കുന്ന ചര്‍ച്ചകള്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ശുഭ സൂചകങ്ങളാണെന്ന് പറയാവുന്നവയല്ല. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്ത എന്തൊക്കെയോ സംഭവിക്കുന്നു എന്ന വസ്തുതകളാണ് പുറത്തേക്ക് വരുന്നത്. |