ജലമര്‍മ്മരത്തിന്‍റെ സൌന്ദര്യവുമായി കാലവര്‍ഷം ഇത്തവണ നേരത്തെ എത്തി. എങ്കിലും കുടവിപണി സജീവമാകുന്നത് കൊച്ചു വികൃതികള്‍ക്കുള്ള വ്യത്യസ്തങ്ങളായ വര്‍ണക്കുടകള്‍ വിപണിയില്‍ എത്തുമ്പോഴാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുരുന്നുകള്‍ക്ക് മഴയെ വരവേല്‍ക്കാന്‍ പുതിയ തരത്തിലും, രൂപത്തിലും ആണ് കുടകളെത്തിയിരിക്കുന്നത്.
പണ്ടത്തെ പോലെ തന്നെ ഇപ്പോഴും വര്‍ണക്കുടകള്‍ തന്നെയാണ് കുട്ടികളുടെ ഹരം. നീലയും, മഞ്ഞയും, വയലറ്റും നിറങ്ങളുള്ള കുട ശീലകളില്‍ ആമയുടെയും, മുയലിന്‍റെയും തുടങ്ങി കടുവ കുടുംബമായിട്ടുള്ള പടം വരെയുള്ളത് വിപണിയില്‍ ലഭ്യമാണ്. പിന്നെയുമുണ്ട് പടങ്ങള്‍ - പൂച്ചയും, പൂച്ചെട്ടിയും തുടങ്ങി മനോഹരമായ പൂന്തോട്ടങ്ങള്‍ വരെ കുടകളില്‍ മഴയെ സ്വീകരിക്കാന്‍ ‘റെഡി’യായി കഴിഞ്ഞു.
മഴയത്ത് രസിച്ചു തിമിര്‍ക്കാന്‍ ആഗ്രഹിക്കുന്ന വികൃതികളെ തേടി വ്യത്യസ്തമായ തരത്തിലും, നിറത്തിലുമുള്ള കുടയുമായാണ് ഒരു കുടക്കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികള്‍ക്കിഷ്‌ടപ്പെട്ട മൃഗങ്ങളുടെ ‘ഡിസൈന്‍’ കുടയില്‍ തീര്‍ത്തിരിക്കുകയാണ് ഇവര്‍. കണ്ണുകളും മൂക്കുമുള്ള പപ്പിക്കുട്ടികളുടെ രൂപങ്ങളുള്ള കുടകള്‍ക്ക് കുട്ടികളുടെയിടയില്‍ വന്‍ പ്രചാരം ലഭിക്കുമെന്നത് തീര്‍ച്ച.
കുടയുടെ മറവില്‍ പമ്മിപ്പമ്മി നടന്നു കൊണ്ടിരുന്നിടത്ത്, ഇനിമുതല്‍ പൂച്ചക്കുട്ടിയുടെയും പട്ടിക്കുട്ടിയുടെയും മറവില്‍ കൂട്ടുകാര്‍ക്ക് ‘ഒളിച്ചേ കണ്ടേ കളിക്കാം’. ‘ജെംസ് കുട’യെന്നാണ് ഇത്തരത്തിലുള്ള കുടകള്‍ വിപണിയില്‍ അറിയപ്പെടുന്നത്. |