കേന്ദ്രത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈകുന്നതും സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ക്കുള്ള വകുപ്പുവിഭജനം പൂര്‍ത്തിയാക്കാത്തതും രാജ്യത്ത് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ കൂടുതല്‍ വകുപ്പുകളുടെയും ചുമതല പ്രധാനമന്ത്രിക്കാണുള്ളത്. എന്നാല്‍ മന്ത്രിമാരെ നിശ്ചയിക്കാനും വകുപ്പുവിഭജനം നടത്താനുമുള്ള തിരക്കിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു പി എ നേതൃത്വവും. ഇതിനിടയില്‍ പലവകുപ്പുകളും നിശ്ചലമാണ്.ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മന്ത്രിസഭാവികസനം എന്തായാലും ഇന്നോ നാളെയോ നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഒരു അറിയിപ്പും രാഷ്ട്രപതി ഭവന് ലഭിച്ചിട്ടില്ല. ബംഗാളില്‍ ചുഴലിക്കാറ്റ് അടിച്ചതും പഞ്ചാബിലെ കലാപവുമാണ് മന്ത്രിസഭാവികസനത്തിന് തടസമായി പറയുന്നതെങ്കിലും യു പി എ വലിയൊരു പ്രതിസന്ധി നേരിടുകയാണെന്നതാണ് സത്യം.മിക്ക സംസ്ഥാനങ്ങളിലെയും പ്രാദേശിക വികാരം കൂടി കണക്കിലെടുത്തുവേണം കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കാന്‍. മറ്റു പല കാര്യങ്ങള്‍ക്കൊപ്പം ജാതി - മത സമവാക്യങ്ങള്‍ കൂടി നോക്കണം. നിലവില്‍ അതൃപ്തരായ ഘടകകക്ഷികളെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്തണം. ഇടഞ്ഞു നില്‍ക്കുന്നവരെ വരുതിയിലാക്കണം. വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മന്ത്രിസഭാവികസനം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു കീറാമുട്ടി തന്നെയായിരിക്കുകയാണ്.പ്രധാനമന്ത്രി ഉള്‍പ്പടെ ഇരുപത് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. ഇനിയും നാല്‍പ്പത് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യണം. സത്യപ്രതിജ്ഞ ചെയ്തവരില്‍ ആറു മന്ത്രിമാര്‍ക്ക് മാത്രമാണ് വകുപ്പുകള്‍ വിഭജിച്ചു നല്‍കിയത്. ബാക്കിയുള്ള 13 പേര്‍ വകുപ്പൊന്നുമില്ലാതെ വിശ്രമിക്കുന്നു. വകുപ്പു ലഭിച്ചവരില്‍ ചിലര്‍ ഇതുവരെയും ചുമതലയേറ്റിട്ടില്ല. |