ഹിന്ദുക്കള്‍ സുകൃതം ചെയ്തവരാണ്. ആരും ആവശ്യപ്പെടാതെ തന്നെ സ്വാമിയെന്നും ഗുരുവെന്നും ബാബയെന്നുമൊക്കെ ഉദ്ഘോഷിച്ച് താങ്ങും തണലുമായി ചിലര്‍ പ്രത്യക്ഷപ്പെടും. മുപ്പത്തിമുക്കോടി ദേവകള്‍ക്കും മീതെ സ്ഥാനം നല്‍കി അവരെ ആരാധിക്കാന്‍ ആയിരങ്ങള്‍ കാത്തു നില്‍ക്കും. ദിവ്യജലവും വായില്‍ നിന്നും വായുവില്‍ നിന്നും വിഭൂതിയുമൊക്കെ പ്രസാദമായി അവര്‍ നല്‍കും. കിടന്നുമുള്ളുന്നവര്‍ മുതല്‍ കുട്ടികള്‍ ഉണ്ടാവാത്തവര്‍ ക്കു വരെ ത്യാഗസമ്പന്നരായ ഇവര്‍ സഹായം നല്‍കി പ്രശ്നം പരിഹരിക്കും. ശ്വാസം വിടാനും എടുക്കാനും പഠിപ്പിക്കുന്നവര്‍ മുതല്‍ സ്വവര്‍ഗഭോഗികള്‍ വരെ നമുക്കിടയില്‍ പൂണ്ടു വിളയാടുകയാണ്. കാവിയും പീതവര്‍ണവുമൊക്കെ ധരിച്ചാല്‍ എന്തു തോന്ന്യാസവും കാട്ടാമെന്നു കരുതുന്ന വ്യാജന്‍മാര്‍. ഭാരതത്തിന്‍റെ ആത്മീയനഭസ്സില്‍ കളങ്കം ചാര്‍ത്തുന്നവര്‍. മഹര്‍ഷിപരമ്പരയ്ക്ക് നാണക്കേടായി, സമൂഹത്തിനു ശാപമായി ജീവിക്കുന്നവര്‍. ആത്മീയനേതാക്കളെല്ലാം വ്യാജന്‍മാരാണെന്നല്ല. സന്ദീപ് ചൈതന്യയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായവര്‍ നിരവധിയാണ്. സന്ദീപ് ചൈതന്യ തട്ടിപ്പുകാരുടെ ഗണത്തില്‍ പെടുന്നെന്ന് അവര്‍ കരുതുന്നുണ്ടാവില്ല. വാക്ചാതുര്യമുള്ളവര്‍ക്ക് ആളെ കൈയിലെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വരാറില്ല.സന്ദീപ് ചൈതന്യ ശ്രദ്ധേയനായത് ചിന്‍മയാ മിഷന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രഭാഷണ പരമ്പരകളിലൂടെയുമാണ്. ചിന്‍മയാ മിഷനുമായുള്ള ബാന്ധവം അവസാനിച്ചപ്പോഴും സന്ദീപ് ചൈതന്യയ്ക്ക് ആശങ്കള്‍ ഇല്ലായിരുന്നു. ഗീതാ വ്യാഖ്യാനം ചാനലിലും വേദികളിലുമായി തുടര്‍ന്നു. |