ചീനക്കാരുടെ ജ്യോതിഷത്തില്‍ എട്ടിന് അമിതമായ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് മൂന്ന് എട്ടുകള്‍ ഒന്നിച്ചു നില്‍ക്കുന്ന ശുഭദിനത്തില്‍ ചീനയില്‍ ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് തുടങ്ങുന്നത്. പാശ്ചാത്യര്‍ക്ക് 7 എന്ന സംഖ്യ എത്ര പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് ചീനക്കാര്‍ക്ക് 8.
മറ്റൊന്ന് ഐശ്വര്യം എന്ന ചൈനീസ് വാക്കായ ‘ഫ’ യുടെ ഉച്ചാരണത്തിന് തുല്യമായ രീതിയിലാണ് 8 ന്‍റെ ഉച്ചാരണം. ‘ബ’ എന്നാണ് ശരിക്കും 8 ന്‍റെ ഉച്ചാരണം എങ്കിലും ചൈനക്കാര്‍ അതിനെ ഉച്ചരിച്ച് ‘ഫ’ എന്നാക്കിക്കഴിഞ്ഞു. അതുകൊണ്ട് 8 പരമമായ ഐശ്വര്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും ശുഭസംഖ്യയാണ്.
8 എന്ന സംഖ്യ വീട്ടിനമ്പരായോ ഫോണ്‍ നമ്പരായോ വാഹന നമ്പരായോ കിട്ടണമെങ്കില്‍ ചീനയില്‍ പ്രത്യേകം പണം നല്‍കണം. എട്ടിന് പ്രാധാന്യം വരാന്‍ ഒരു കാരണം,
അത് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണവും പക്വവുമായ സംഖ്യയായതുകൊണ്ടാണ്. ലോകം മുഴുവന്‍ ഉപയോഗിക്കുന്ന അറബിക് സംഖ്യാ ലിപി പ്രകാരമുള്ള 8 രൂപത്തില്‍ രണ്ട് പൂര്‍ണ്ണതകള്‍ ( പൂജ്യങ്ങള്‍ ) ചേര്‍ന്നുണ്ടായതാണ്.
അത് അനന്തതയുടെ അക്ഷയതയുടെ പ്രതീകമാണ്. ഈ അക്കമെഴുതുമ്പോള്‍ തുടങ്ങിയിടത്തു തന്നെ ചെന്ന് അവസാനിപ്പിക്കാനാവും, പൂജ്യത്തെപ്പോലെ തന്നെ. ഇതിന് എല്ലാ അര്‍ത്ഥത്തിലും രൂപഘടനാപരമായ സിമട്രി ഉണ്ട്. എഴുതിയാലും തിരിച്ചെഴുതിയാലും തലകുത്തനെ എഴുതിയാലും കണ്ണാടിയില്‍ കാണിച്ചാലും എട്ട് 8 തന്നെ.
2008 ചൈനക്കാരുടെ ജ്യോതിഷ പ്രകാരം എലി വര്‍ഷമാണ്. എട്ടാമത്തെ മാസമായ ഓഗസ്റ്റ് കുരങ്ങന്‍ മാസമാണ്. എട്ടാമത്തെ ദിവസമാകട്ടെ ഡ്രാഗണ്‍ ദിവസമാണ്. അങ്ങനെ 8-8-8 എന്നത് ഡ്രാഗണും കുരങ്ങനും എലിയും ഒരുമിച്ചു നില്‍ക്കുന്ന ദിവസമാണ്. ഈ ദിവസം ജ്യോതിഷ പ്രകാരമുള്ള എലികള്‍ക്കും കുരങന്മാര്‍ക്കും ഡ്രാഗണ്‍മാര്‍ക്കും ഗുണകരമത്രെ !
ഇന്ന് 08-08-08
|