പ്രപഞ്ചോത്‌പത്തിയുടെ രഹസ്യം തേടി മനുഷ്യന്‍ ലോകമഹാപരീക്ഷണത്തിന് ഒരുങ്ങുന്നു. പാളിപ്പോയാല്‍ ഉത്‌പത്തി രഹസ്യം തേടല്‍ മനുഷ്യരാശിയുടെ അന്ത്യത്തിലും കലാശിച്ചേക്കാം.
ജനീവക്ക് അടുത്ത് ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലാന്‍റ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ‘ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍’ എന്ന പരീക്ഷണ വേദിയിലാണ് നിര്‍ണായകമായ പരീക്ഷണം ആരംഭിക്കുക. ഭൂമിയില്‍ ഇന്നേവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യന്ത്രമാണ് ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍.
യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസേര്‍ച്ച് എന്ന സേണ്‍ ആണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. ലോകരാജ്യങ്ങളില്‍ നിന്ന് മൂവായിരത്തിലേറെ ആണവ ശാസ്‌ത്രഞ്‌ജരും ആറായിരത്തി അഞ്ഞൂറിലേറെ സന്ദര്‍ശക ഗവേഷകരുമാണ് ഈ വന്‍ പരീക്ഷണ ശാലയില്‍ ജോലി ചെയ്യുന്നത്.
ദ്രവ്യരഹസ്യം തേടിയുള്ള അന്വേഷണം ഔദ്യോഗികമായി ഒക്ടോബറിലാണ് ആരംഭിക്കുന്നതെങ്കിലും പ്രാഥമിക പരീക്ഷണം നാളെ അരംഭിക്കും. കണികാഭൗതികത്തില്‍ ഇന്നോളം നടത്തിയ പരീക്ഷണങ്ങളില്‍ ഏറ്റവും വലുതും സുദീര്‍ഘവുമായ പരീക്ഷണമാണ് ആരംഭിക്കുന്നത്.
27 കിലോമീറ്റര്‍ നീളമുള്ള സൂപ്പര്‍ കൊളൈഡറിന്‍റെ സഞ്ചാര പഥത്തില്‍ പ്രകാശവേഗത്തില്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന പ്രോട്ടോണുകളെ കൂട്ടിയിടിപ്പിക്കുകയാണ് പരീക്ഷണം.
|