‘ബലാത്സംഗം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ കാലുകള്‍ പിണച്ചു വച്ചോളു’ എന്ന ഇംഗ്ലീഷ് പഴമൊഴിയെ അനുസ്‌മരിപ്പിക്കുന്ന മാനസികാവസ്ഥയിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോലും ഇപ്പോഴും നിലനില്‍ക്കുന്നത്. പെണ്ണുങ്ങളുടെ വസ്‌ത്രധാരണ രീതിയെ നിയന്ത്രിക്കാന്‍ നൈജീരിയന്‍ സെനറ്റര്‍ ബില്ല് കൊണ്ടു വന്നത് അടുത്തിടെയാണ്.
പൊക്കിള്‍ ചുഴിയോ, മാറിടമോ അനാവൃതമാക്കുന്നതും മിനിസ്‌കര്‍ട്ട് ധരിക്കുന്നതും മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കാണാനാണ് നിര്‍ദേശം.
തെരവ് വേശ്യാവൃത്തിയും ബലാത്സംഗവും കുറയ്‌ക്കുന്നതിനായി കുറേക്കൂടി ‘ക്രിയാത്മകമായ’ ഇടപെടലാണ് പോളണ്ടിലെ നിയമ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. മിനിസ്‌കര്‍ട്ടും അനുബന്ധ ചെറുവസ്‌ത്രങ്ങളും നിരോധിക്കാനാണ് നീക്കം.
വടക്കന്‍ മലേഷ്യയിലാകട്ടെ ഹൈഹീല്‍ഡ് ചെരുപ്പ് ധരിക്കുന്നതിനും കടും വര്‍ണ്ണങ്ങളിലുള്ള ലിപ്‌സിറ്റിക്കുകള്‍ ഉപയോഗിക്കുന്നതിനും സ്‌ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ ലൈംഗികവൃത്തി നിയന്ത്രിക്കാനും പെണ്ണിന്‍റെ മാന്യത ഉയര്‍ത്താനുമാണ് ഈ നിയമം. പെണ്‍സദാചാരം സംരക്ഷിക്കാനുള്ള തന്ത്രപ്പാടിനിടെ ലോകത്തെല്ലായിടത്തും വിചിത്രമായ നിയമങ്ങള്‍ ജനിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ ഇതില്‍ നിന്ന് പുരുഷന് കിട്ടുന്ന സന്ദേശം എന്താണ്. വിവസ്‌ത്രമായ മാംസത്തിലേക്കെല്ലാം പ്രാണികളെ പോലെ പറന്നു ചെല്ലാമെന്നാണോ. ബലാത്സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കപ്പെടുന്നവരാണോ മിനിസ്‌കര്‍ട്ട് ധരിച്ച യാത്ര ചെയ്യുന്ന പെണ്ണുങ്ങളെല്ലാവരും. ബലാത്സംഗം എന്നാല്‍ അനുമതി ഇല്ലാതെ നടക്കുന്ന ലൈംഗിക ബന്ധമാണ്. ഫെമിനിസ്റ്റുകളുടെ ഈ നിലവിളി എന്താണ് പൊതു സമൂഹത്തിന്‍റെ ചെവിയില്‍ എത്താത്തത്. |