ഭാര്യയേയും നാലു മക്കളേയും കൃത്യമായ ഇടവേളകളില്‍ പദ്ധതിയിട്ട് കൊന്ന മനുഷ്യന്‍ തികഞ്ഞ ലാഘവത്തോടെ ചാനലുകളില്‍ പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍ , പ്രായപൂര്‍ത്തിയായ മൂത്തമകളെ കൊല്ലുന്നതിന് മുമ്പ് നിരവധി തവണ ബലാത്സംഗം ചെയ്തകാര്യവും അയാള്‍ പൊലീസിനോട് മറച്ചു വച്ചില്ല.
പട്ടാമ്പിക്കാരന്‍ റജികുമാറിന്‍റെ വാര്‍ത്ത പാലക്കാട് നിന്ന് വരുമ്പോള്‍ തിരുവന്തപുരത്ത് നിന്ന് കേള്‍ക്കുന്നത് അച്ഛന്‍ മകളെ ശാരീരികമായി ഉപയോഗിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത വാര്‍ത്തയാണ്.
‘സൂചി ചലിക്കാതിരുന്നാല്‍ മാത്രമേ ഇതില്‍ നൂല്‍ കോര്‍ക്കാന്‍ പറ്റു’ എന്ന തരത്തില്‍ കേരളത്തില്‍ ശാരീരിക കൈയ്യേറ്റ കേസുകളില്‍ കോടതി വിധികള്‍ പുറത്തു വന്നുകൊണ്ടിരിക്കെ ബലാത്സംഗകേസുകളില്‍ വര്‍ഷങ്ങള്‍ നീണ്ട തെറ്റിദ്ധാരണ നീക്കിയതിന്‍റെ ആവേശത്തിലാണ് യൂറോപ്യന്‍ ഫെമിനിസ്റ്റുകള്‍. ‘ഇറുകിയ ജീന്‍സ് ധരിച്ച പെണ്ണിനെ ബലാത്സംഗം ചെയ്യാന്‍ പറ്റില്ല’ എന്ന കോടതി നിരീക്ഷണമാണ് ഇറ്റാലിയന്‍ കോടതി പുനപരിശോധിച്ചത്.
ജീന്‍സിന് ‘ബലാത്സംഗ പ്രതിരോധ ക്ഷമത’ !
സ്‌ത്രീയുടെ മൗനാനുവാദത്തോടെ മാത്രമേ ഇറുകിയ ജീന്‍സിനെ മറിടക്കാന്‍ പുരുഷന് കഴിയു എന്നായിരുന്നു യൂറോപ്യന്‍ കോടതിയുടെ നിഗമനം. സ്‌ത്രീയുടെ സഹകരണത്തോടെയുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാനാകില്ലല്ലോ. ‘സ്‌ത്രീ സ്വാതന്ത്ര്യത്തിന്‍റെ പറുദീസ’ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന യൂറോപ്പില്‍ 1999 മുതല്‍ ഈ നിഗമനം നിലനില്‍ക്കുകയായിരുന്നു.
ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ 45 കാരന്‍ ടീനേജ്‌കാരിയെ ബലാത്സംഗം ചെയ്‌ത കേസിലാണ് വിചിത്രമായ ഈ ന്യായം ഉന്നയിക്കപ്പെട്ടത്. കേസില്‍ കീഴ്‌കോടതിയില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. അപ്പീല്‍ പോയപ്പോള്‍ ഡിഫന്‍സ് വക്കീലാണ് ജീന്‍സിന്‍റെ ‘ബലാത്സംഗ പ്രതിരോധ ക്ഷമത’ ചൂണ്ടികാട്ടിയത്.
പെണ്‍കുട്ടി ധരിച്ചിരുന്ന ജീന്‍സ് ശരീരത്തില്‍ ഇറുകി പിടിച്ചു കിടക്കുന്നതാകയാല്‍ അയാള്‍ക്ക് ഒറ്റയ്‌ക്ക് അത് ഊരാന്‍ കഴിയില്ലെന്നായിരുന്നു ഡിഫന്‍സ് വക്കീലിന്‍റെ വാദം. ജഡ്‌ജിക്ക് ഈ വാദം നന്നേ ബോധിച്ചു. റേപ്പ് കേസില്‍ കുറ്റവാളിയെ അയാള്‍ വെറുതേ വിട്ടു.
|