മൃതദേഹം മരിച്ചവന്‍റെ ചരിത്രമാണ്. എല്ലാ രഹസ്യങ്ങളുടേയും തുറുപ്പുചീട്ട്. ഞാന്‍ എപ്പോള്‍ എങ്ങനെ മരിച്ചെന്ന്, കൊന്നവനാരെന്ന് കൊല്ലിച്ചവനാരെന്ന് എന്തിന് കൊന്നെന്ന് എല്ലാം മരിക്കാത്തവര്‍ക്കായി ചത്ത ശരീരം വിളിച്ചു പറയുന്നു.
തന്നെ സംബന്ധിച്ച സത്യം വെളിപ്പെടുത്താനുള്ള ഒരുവന്‍റെ അവസാന സമ്പാദ്യമായിരിക്കും അവന്‍റെ മൃതശരീരം. പ്രേത പരിശോധന അഥാവ പോസ്‌റ്റോമോര്‍ട്ടം ഏറ്റവും വലിയ സത്യാന്വേഷണമായി തീരുന്നത് അങ്ങനെയാണ്.
ജീവിച്ചിരിക്കുന്നവരേക്കാള്‍ മനുഷ്യന്‍ മൃതദേഹങ്ങളെ പേടിക്കുന്നതും ഒരു പക്ഷേ അതുകൊണ്ടായിരിക്കാം. ഒരു മരണം എങ്ങനെ സംഭവിച്ചു എന്ന് കണ്ടത്തേണ്ടത് ജീവിച്ചിരിക്കുന്നവരുടെ സമൂഹത്തിന്‍റെ ആവശ്യമാണ്. അതുകൊണ്ടാണ് പോസ്‌റ്റ്‌മോര്‍ട്ടങ്ങള്‍ ഭരണകൂടം നേരിട്ട് നടത്തുന്ന ഇടപെടാലാകുന്നത്.
പോസ്‌റ്റ് മോര്‍ട്ടങ്ങള്‍ നടത്താനുള്ള അവകാശം സ്വാകാര്യമേഖലക്ക് വിട്ടുകൊടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പൊതുസമൂഹം ഞെട്ടുന്നത് അതുകൊണ്ടാണ്.
മെഡിക്കല്‍ വിദ്യാഭ്യാസം ഉദാരവത്‌കൃതമായപ്പോള്‍ നാടിന്‍റെ മുക്കിലും മൂലയിലും എല്ലാം സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ഡോക്ടര്‍മാരാകാന്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണംകൂടുന്നു. കുട്ടികള്‍ക്ക് ശരീരത്തിന്‍റെ ആന്തരിക ഘടന പഠിക്കാന്‍ മൃതശരീരങ്ങള്‍ ലഭിക്കുന്നില്ല എന്ന മുറവിളി ശക്തമാകുമ്പോഴാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്താനുള്ള അവകാശം സ്വാകാര്യമേഖലക്കും നല്‌കാന്‍ ആലോചന ശക്തമാകുന്നത്.
|