(മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍)
പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമായിരുന്നു നായനാരോട് എനിക്കുണ്ടായിരുന്നത്. 1942-ല്‍ കയ്യൂര്‍ കേസിലെ പ്രതിയായി നായനാര്‍ ആലപ്പുഴയില്‍ ഒളിവില്‍ കഴിയുമ്പോള്‍ എസ്. കുമാരന്‍, എസ്. ദാമോദരന്‍ എന്നിവരുടെ വീട്ടിലായിരുന്നു ഒളിത്താമസം. ഞാനന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി അവിടെയുണ്ട്.
ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ ഓഫീസില്‍ വച്ചാണ് നായനാരെ ആദ്യമായി ഞാന്‍ നേരില്‍ കണ്ടത്.അന്നേ ആരെയും കൂസാത്ത ഒരു ഭാവമുണ്ടായിരുന്നു നായനാര്‍ക്ക് . ആകര്‍ഷകത്വമുള്ള താന്‍പോരിമ അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു.
ബോട്ട്ക്രൂ അസോസിയേഷന്‍റെയും കയര്‍ ഫാക്ടറി യൂണിയന്‍റെയും പ്രവര്‍ത്തനങ്ങളില്‍ സഖാവ് നായനാര്‍ സജീവമായി നിന്നു. അന്നത്തെ പ്രവര്‍ത്തനങ്ങളാണ് ഞങ്ങളെ അടുപ്പിച്ചത്. സമരമുഖങ്ങളില്‍ കൈകോര്‍ത്ത് സഹോദരന്മാരെപ്പോലെ ഞങ്ങള്‍ ഒരുമിച്ച് നീങ്ങി.
തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടവന്നു. ഇത് സഖാവുമായുള്ള എന്‍റെ ബന്ധത്തിന് ദൃഢതയേറി. അറുപതുകളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുമിച്ചുള്ള വാസം ഒരുപാട് ഓര്‍മകള്‍ തന്നു. നായനാരിലെ നന്മയെ അടുത്തറിഞ്ഞ നാളുകളായിരുന്നു അവ.
പാര്‍ട്ടിയുടെ വിവിധ സമിതികളിലെ അംഗങ്ങളായി പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിച്ചു.പാര്‍ലമെന്‍റംഗം മുതല്‍ മുഖ്യമന്ത്രി വരെയുള്ള പദവികളിലേക്ക് വളര്‍ന്നെങ്കിലും നായനാര്‍ എന്നും ഒരു സമരനായകന്‍ തന്നെയായിരുന്നു. സാമൂഹ്യ-രാഷ്ട്രീയരംഗങ്ങളില്‍ കരുത്തുറ്റ സഖാവിന്‍റെ സേവനം നഷ്ടമാകുന്നത് വലിയൊരു ആഘാതംതന്നെ.
സഖാവ് നായനാരെ ഓര്‍മിക്കുമ്പോള്‍ ഒരുവിളിപ്പാടിനപ്പുറം സഖാവ് ഇപ്പോഴുമുണ്ടെന്ന തോന്നലാണെനിക്ക്.സ്വതസ്സിദ്ധമായ നര്‍മത്തോടെയും നിഷ്കളങ്കതയോടെയും സഖാവ് ചിരിച്ചുകൊണ്ടിരിക്കുന്നതുപോലെ.....
|