1905 ല്‍ ഗവണ്‍മെന്‍റ് പ്രസ് സൂപ്രണ്ടായി. സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളിലും മലയാളി മെമ്മോറിയല്‍ മുതലായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. നിയമപഠനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്കു കുറേക്കാലം ചെന്നൈയില്‍ താമസിച്ചു.
മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു. അവിടങ്ങളില്‍നിന്ന് ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചു.ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി. ഇംഗ്ളീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി.
മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ പശ്ഛാത്തലത്തില്‍ കല്പിത കഥാപാത്രങ്ങളെയും കല്പിത സംഭവങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ് മൂന്ന് ആഖ്യായികകളും.
വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഐവാന്‍ ഹോയെ മാതൃകയാക്കിയാണ് മാര്‍ത്താണ്ഡവര്‍മ്മ രചിച്ചിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ സംഭവപ്രധാനവും സരളവുമാണ്. യുവരാജവും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് അതിന്‍റെ പശ്ഛാത്തലം.
പില്‍ക്കാലത്തു രാജാവിന് എതിരായി നടന്ന ഗൂഢാലോചനയെയും മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെയും പശ്ഛാത്തലമാക്കി രചിച്ച ധര്‍മ്മരാജായും രാമരാജബഹദൂറും അനേകം കഥാതന്തുക്കള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണേതിവൃത്തങ്ങള്‍ ചിത്രീകരിക്കുന്നു.
|