മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍ പിള്ളയെ മലയാളത്തിലെ സ്കോട്ട് എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു. സി വി രാമന്‍ പിള്ളയുടെ 150 പിറന്നാളാണ് 2008 മെയ് 19 ന്
19-05-1858ല്‍ തിരുവനന്തപുരത്ത് ജനനം. മരണം 21-03-1922ല്‍.
ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി.വി യുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല.
അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി.വി. യുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട് ഭൂതത്തെ തൊട്ട്, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച് മാനവികതയെ സൃഷ്ടിക്കുവാന്‍ കാഴ്ചക്കാരനെ അഥവാ വായനക്കാരനെ പ്രേരിപ്പിച്ചു.
1881-ല്‍ ബി.എ. ബിരുദം നേടി. ഹൈക്കോടതിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി.
എങ്കിലും തുടര്‍ന്നുള്ള ഇരുപതോളം വര്‍ഷത്തിനിടയില്‍ സി.വി. രചിച്ചത് ചന്ദ്രമുഖീവിലാസം, കുറിപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങള്‍ മാത്രമായിരുന്നു.
|