കാഴ്ചബംഗ്ളാവ് എന്ന വാക്ക് മലയാളത്തിന് അപരിചിതമായി മാറുകയാണ്. മ്യൂസിയമാണ് കാഴ്ചബംഗ്ളാവ്. മ്യൂസിയങ്ങള്‍ക്കുമുണ്ട് ഒരു ദിനം.
മെയ് 18 എല്ലാവര്‍ഷവും അന്തര്‍ദേശീയ മ്യൂസിയം ദിനമായി ആചരിക്കുന്നു -1977 മുതല്‍.
സാംസ്കാരിക വിനിമയത്തിനുള്ള പ്രധാന ഉപാധികളിലൊന്നാണ് കാഴ്ച ബംഗ്ളാവ്. സംസ്കാരങ്ങളെ പുഷ്ടിപ്പെടുത്താനും പരസ്പര ധാരണ വളര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ സഹകരണവും സമാധാനവും വളര്‍ത്താനും കാഴ്ച ബംഗ്ളാവുകള്‍ ഉപകരിക്കുന്നു എന്നാണ് അന്തര്‍ദേശീയ കൗണ്‍സില്‍ ഓഫ് മ്യൂസിയം വിലയിരുത്തുന്നത്
സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന കാഴ്ചബംഗ്ളാവുകള്‍ എന്നതാണ് 2005 ലെ ദിനാചരണത്തിന്‍റെ ചര്‍ച്ചാ വിഷയം. ഓരോ വര്‍ഷവും ഓരോ വിഷയങ്ങള്‍ക്ക് (തീമുകള്‍ക്ക്) പ്രാധാന്യം നല്‍കിയാണ് മ്യൂസിയം ദിനം ആചരിക്കുക പതിവ്.
അസ്പൃശ്യ പൈതൃകവും കാഴ്ചബംഗ്ളാവുകളും, കാഴ്ചബംഗ്ളാവുകളും സുഹൃത്തുക്കളും, ആഗോളവത്കരണവും കാഴ്ചബംഗ്ളാവും, കൂട്ടായ്മയ്ക്കായി കാഴ്ച ബംഗ്ളാവുകള്‍ തുടങ്ങിയവയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തിന്‍റെ മ്യൂസിയം ദിനാചരണത്തിന്‍റെ തീമുകള്‍.
അന്തര്‍ദേശീയ കൗണ്‍സില്‍സ് ഓഫ് മ്യൂസിയംസ് ആണ് ലോകമെമ്പാടും മ്യൂസിയം ദിനം ആചരിക്കുന്നത്. ഫ്രാന്‍സിലെ മ്യൂസിയം ഡയറക്ടറേറ്റും മൂസീസ് നാഷണോക്സ് റീ യൂണിയനും ഇതിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു.
മ്യൂസിയങ്ങള്‍ ഉണ്ടാവുന്നത് ഇന്നത്തേക്ക് വേണ്ടിയല്ല. നാളത്തേക്കു വേണ്ടിയാണ്. വരും തലമുറയ്ക്കാണ് മ്യൂസിയങ്ങളുടെ ആവശ്യകതയും സഹായവും കൂടുതല്‍ ബോധ്യപ്പെടുക. ഇന്നുള്ളവര്‍ക്ക് ചെയ്യാനാവുന്നത് സംസ്കാരത്തിന്‍റെ, ജീവിതത്തിന്‍റെ ശേഷിപ്പുകളെ സൂക്ഷിക്കാന്‍ മ്യൂസിയങ്ങളെ നിലനിര്‍ത്താനും പരിശ്രമിക്കുകയാണ്.
|