വിവാദങ്ങള്‍ എന്നും ഇ.കെ.നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ കളിത്തോഴനായിരുന്നു. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ രാഷ്ട്രീയ എതിരാളികളെ നേരിടുന്ന നായനാര്‍ക്ക് ജ-ീവിതത്തില്‍ ഒരു ശത്രുപോലും ഉണ്ടായിരുന്നില്ല.
അതുതന്നെയാണ് ഏറ്റവും അധികകാലം കേരള മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പൊതുപ്രവര്‍ത്തന ജ-ീവിതത്തിന്‍റെ പ്രധാന സവിശേഷതയും.
നായനാര്‍ ഏറ്റവുമധികം എതിര്‍ത്തിട്ടുള്ളത് കെ.കരുണാകരന്‍ എന്ന കോണ്‍ഗ്രസ് ആചാര്യനെയാണ്.ഒരുപക്ഷെ കരുണാകരന്‍ തന്നെയായിരിക്കും നായനാരുടെ ഏറ്റവുമടുത്ത സുഹൃത്തും. അതായിരുന്നു നായനാര്‍ എന്ന സഖാവിന്‍റെ ശൈലി.
ചികിത്സയ്ക്കായി കേരളം വിടുന്നതിന് തൊട്ടുമുമ്പ് നായനാര്‍ നടത്തിയ വാര്‍ത്താ സമ്മേളനവും ഏറെ വിവാദമുണ്ടാക്കി. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ആന്‍റണി - തൊഗാഡിയ പോസ്റ്റര്‍ ഇറക്കിയത് കെ.മുരളീധരനാണെന്ന് നായനാര്‍ തുറന്നടിച്ചു. ഇതേപ്പറ്റി പിന്നീടുണ്ടായ വിവാദങ്ങളെല്ലാം നായനാരുടെ ആ പ്രസ്താവനയുടെ പിന്‍തുടര്‍ച്ചയായിരുന്നു. ചികിത്സയ്ക്കായി കേരളം വിടുമ്പോഴും പത്രലേഖകരോട് കളിതമാശകള്‍ പറഞ്ഞാണ് അദ്ദേഹം വിമാനം കയറിയത്.
വോട്ട് ചെയ്തശേഷം ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടി നിഷ്കളങ്കമായ ചിരിയുമായി നില്‍ക്കുന്ന നായനാരെ കേരളീയര്‍ മറക്കാനിടയില്ല. ആ സംഭവം ഉയര്‍ത്തിയ വിവാദകോലാഹലം കുറച്ചൊന്നുമായിരുന്നില്ല. എന്നാല്‍ അതൊക്കെ വെറും മാദ്ധ്യമസൃഷ്ടിയാണെന്നും പത്രക്കാരുടെ സൂത്രപ്പണികള്‍ മറ്റാരെക്കാളും തനിക്കറിയാമെന്നും പറഞ്ഞ് വിവാദത്തിന്‍റെ മുനയൊടിക്കാന്‍ നായനാര്‍ക്കായി.
പെണ്‍വാണിഭത്തെപ്പറ്റിയുള്ള നിര്‍ദ്ദോഷമായൊരു ഫലിതവും നായനാരെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. ബലാല്‍സംഗം എന്നുപറയുന്നത് ചായകുടിക്കുന്നതുപോലെ നിസ്സാരമായ ഒരു സംഭവമാണെന്ന് നായനാര്‍ പറഞ്ഞതാണ് വിവാദമായത്. എന്നാല്‍ നായനാരുടെ നിഷ്കളങ്കമായ ചില പ്രസ്ഥാവനകളെ ഊതിപ്പെരുപ്പിക്കുന്നതില്‍ നിന്നാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടായതെന്ന് മറക്കാവതല്ല.
സ്വന്തം മകനെപ്പറ്റി എന്തോ ആരോപണം ഒരിക്കല്‍ ഉയര്‍ന്നുവന്നപ്പോള്‍ നായനാര്‍ ഇങ്ങനെയാണ് പ്രതികരിച്ചത് - ഇതെല്ലാം മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ട് !.
|