മലയാള പത്രപ്രവര്‍ത്തകന്‍റെ ഈറ്റില്ലമായ തലശ്ശേരിയില്‍ നിന്ന് വരുന്ന മൂര്‍ക്കോത്ത് കുഞ്ഞപ്പ, കോഴിക്കോട്ടാണ് താമസിച്ചത്. 1965ല്‍ മനോരമ കോഴിക്കോട്ട് എഡിഷന്‍ തുടങ്ങിയതു മുതല്‍ മരിയ്ക്കുന്നതു വരെ അദ്ദേഹം അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു. മലയാള മനോരമയുടെ ചരിത്രഗ്രന്ഥത്തിന്‍റെ എഡിറ്ററും അദ്ദേഹമായിരുന്നു.
തിരുവിതാംകൂറില്‍ നിന്നും മലബാറിലെത്തിയ മനോരമയ്ക്ക് അക്കാലത്ത് അവിടെ എളുപ്പത്തില്‍ വേരുറപ്പും പ്രചാരവും ഉണ്ടായത് മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ മനോരമയുമായുളള ബന്ധം കൊണ്ടു കൂടിയാണ്.
ചിട്ടയില്ലാതെ ജീവിച്ചു, ചിട്ടയില്ലാതെ ആഹാരം കഴിച്ചു അതാണ് അരോഗ്യത്തിന്‍റെ രഹസ്യമെന്ന് തമാശയായി അവകാശപ്പെട്ടിരുന്ന കുഞ്ഞപ്പ നല്ലൊരു അഭ്യാസിയായിരുന്നു. കീലേരി കുഞ്ഞികണ്ണന്‍ ഗുരുക്കളുടെ കീഴില്‍ ചെറുപ്പത്തില്‍ കളരി പഠിച്ചു. ഏതാണ്ട് 40 വയസ്സു വരെ വ്യായാമം തുടരുകയും ചെയ്തു.
ഇംഗ്ളീഷിലായിരുന്നു ആദ്യം എഴുതിത്തുടങ്ങിയത്. പിന്നെ മലയാളത്തില്‍ പതിവായി എഴുതിത്തുടങ്ങി. മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അദ്ദേഹം ആനുകാലികങ്ങളില്‍ എഴുതിയിരുന്നു. ഒട്ടേറെ ലഘു ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണദ്ദേഹം.
|