ഒരു വസന്തകാലത്ത് ഗ്രീസിലാണ് അമ്മമാരുടെ ദിനം ആദ്യമായി ആഘോഷിച്ചതെന്ന് പറയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടില്‍ അമ്മ ദൈവമായ "റെ' യെ ഗ്രീസ് ജനത പൂജിച്ചിരുന്നതായി രേഖകള്‍ പറയുന്നു.
17-ാം ശതകത്തില്‍ തന്നെ ഇംഗ്ളണ്ടിലും അമ്മമാരുടെ ദിവസം ആഘോഷിച്ചിരുന്നു. ഈസ്റ്റര്‍ കഴിഞ്ഞ് 40 ദിവസത്തിന് ശേഷമുളള ഞായറാഴ്ചയാണ് ഇംഗ്ളണ്ടിലെ ജോലിക്കാര്‍ അമ്മയ്ക്കായ് മാറ്റിവച്ചിരുന്നത്.
ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അന്ന് അമ്മയ്ക്കരികിലെത്തും സമ്മാനപ്പൊതികളുമായി. കേക്കുമുറിയ്ക്കലും മറ്റുമായ് അമ്മയുടെ വാല്‍സല്യത്തിന് അവര്‍ മധുരം പകരുന്നു.
അമേരിക്കയില്‍ അമ്മമാരുടെ ദിനം എന്ന ആശയം അവതരിപ്പിക്കുന്നത് ജൂലിയ വാര്‍ഡ് ഹോവേ എന്ന എഴുത്തുകാരിയാണ്. റിപ്പബ്ളിക്കിനൊരു യുദ്ധ സങ്കീര്‍ത്തനം എന്ന പുസ്തകത്തിന്‍റെ രചയിതാവായ ജൂലിയ സമാധാനത്തിനായി ഒരു ദിനം എന്ന സങ്കല്‍പ്പത്തിലാണ് അമ്മമാരുടെ ഒരു ദിവസം എന്ന ആശയം അവതരിപ്പിച്ചത്.
എന്നാല്‍ വാല്‍സല്യ പൂര്‍ണ്ണമായ സ്മൃതികളോടെ അമ്മമാരുടെ ദിനം ലോകം മുഴുവന്‍ ഏറ്റെടുത്തതിനു പിന്നില്‍ അനാ ജാര്‍വിസാണ്. ഒരമ്മയുടെ കാരുണ്യവും വാല്‍സല്യവും ആവോളം നുകര്‍ന്ന അനാ ജാര്‍വ്വിസ്.
തോട്ടത്തിലെ കാര്‍ണേഷന്‍ പൂക്കളുമായി ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനായി പോകുന്ന അമ്മയടെ ചിത്രം വേറിട്ട മാതൃഭാവത്തിന്‍റെ നിമിഷങ്ങള്‍ അനായ്ക്ക് നല്‍കി. ആ സ്മരണകളില്‍ നിന്നാണ്, അമ്മമാരുടെ ദിവസത്തെക്കുറിച്ച് അനാ ചിന്തിച്ച് തുടങ്ങിയത്. അമ്മയുടെ മരണശേഷം എല്ലാവര്‍ഷവും അനാ അമ്മയ്ക്കായ് പൂക്കളര്‍പ്പിച്ചു.
|