ലിയോനാര്‍ഡോ ഡാവിന്‍ഞ്ചി (ഡാവിഞ്ചി) പതിനഞ്ചാം നൂറ്റാണ്ടിലെ പ്രതിഭാധനന്മാരിലൊരാളാണ്. ബഹുമുഖ പ്രതിഭ എന്ന വിശേഷണം തികച്ചും ചേരുന്ന ഒരാള്‍.
വിഖ്യാതനായ ചിത്രകാരന്‍ എന്ന നിലയിലാണ് ഡാവിഞ്ചി ഏറെ പ്രസിദ്ധനെങ്കിലും നവോത്ഥാനകാലത്തെ ശ്രദ്ധേയനായ വാസ്തുശില്‍പി, സംഗീതജ്ഞന്‍, ശാസ്ത്രാന്വേഷകന്‍, എഞ്ചിനീയര്‍, ശില്‍പി, ജ്യാമിതികാരന്‍ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ പ്രതിഭ സമ്പന്നമാക്കാത്ത ഒരു മേഖലയുമില്ല.
ആഗോള ജീനിയസ് എന്ന് വിളിക്കാവുന്ന ലിയോനാര്‍ഡോയുടെ ജനനം 1452 ഏപ്രില്‍ പതിനഞ്ചിന് ഇറ്റലിയിലെ വിന്‍സി നഗരത്തിലെ അഞ്ചിയാനോവിലായിരുന്നു. വക്കീലിന്‍റെയും കര്‍ഷക സ്ത്രീയുടെയും അവിഹിത സന്തതിയായിരുന്നു അദ്ദേഹം.
യുവ അഭിഭാഷകനായ പിയറോ ഡാ വിന്‍സിയുടെയും കര്‍ഷക പെണ്‍കൊടിയായ കാതറീനയുടെയും മകന്‍. പിയറോയുടെ അടിമ പെണ്‍കൊടിയായിരുന്നു കാതറീന്‍ എന്നൊരു കഥയുണ്ട്. മൃഗസ്നേഹിയായിരുന്നു ലിയോനാര്‍ഡോ. അദ്ദേഹം സസ്യാഹാരിയാണെന്നും രേഖകളുണ്ട്. മൃഗങ്ങളെയും പക്ഷികളെയും പ്രകൃതിയേയും അദ്ദേഹം കണക്കറ്റ് സ്നേഹിച്ചിരുന്നു. എഞ്ചിനീയര്‍, വാസ്തുശില്‍പി, ശാസ്ത്രകാരന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍ നിസ്ഥുലമാണ്.
ഇന്നുകാണുന്ന വിമാനത്തിന്‍റെ പ്രാഗ് രൂപമായ പറക്കും യന്ത്രം ലിയോനാര്‍ഡോയുടെ ഭാവനയില്‍ വിരിഞ്ഞതാണ്. അതുപോലെ ജനകീയ വാഹനമായ സൈക്കിളിന്‍റെ രൂപകല്‍പനയും ലിയോനാര്‍ഡോ നിര്‍വഹിച്ചു എന്നതിനും സൂചനയുണ്ട്.
|