ഭസ്‌മം ധരിക്കുന്നത് പാപങ്ങള്‍ പോക്കുന്നു എന്നാണ് വിശ്വാസം. മഹേശ്വര പ്രീതി കൊണ്ടാണ് ഇത് സാധിക്കുന്നത്.
ഭസ്‌മത്തില്‍ കുളിക്കുന്നത് ശുദ്ധജലത്തില്‍ കുളിക്കുന്നതിനേക്കാള്‍ പുണ്യമാണെന്നാണ് കരുതുന്നത്. അതുപോലെ തന്നെയാണ് ഭസ്‌മക്കുള്ളത്തിലെ കുളിയും.
എല്ലാ ദിവസവും ഭസ്‌മം ധരിച്ച് പ്രാര്‍ത്ഥിക്കുന്നത് എല്ലാ തീര്‍ത്ഥങ്ങളിലും പോയി പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ പുണ്യം നല്‍കുന്നു. തിങ്കളാഴ്ച ഭസ്‌മം ധരിച്ച് മഹേശ്വരനെ പൂജിച്ചാല്‍ ചിരംജീവിയാവും.
മൂന്ന് സന്ധ്യകളിലും ഭസ്‌മം ധരിക്കണം എന്നാണ് പറയാറ് - പ്രഭാത സന്ധ്യയിലും മദ്ധ്യാഹ്ന സന്ധ്യയിലും ത്രിസന്ധ്യയിലും.
ചാണകം ഉരുളയാക്കി ഉണക്കി അതില്‍ ചന്ദനം തുടങ്ങിയ സുഗന്ധങ്ങള്‍ ചേര്‍ത്ത് ഉമിയിലിട്ട് നീറ്റിയാണ് ഭസ്‌മം ഉണ്ടാക്കുന്നത്. ശിവരാത്രിയുടെ തലേന്നോ ശിവരാത്രി ദിവസമോ ആണ് ഒരു വര്‍ഷത്തേക്ക് വേണ്ട വിഭൂതി അഥവാ ഭസ്‌മം ഉണ്ടാക്കുക പതിവ്.
ഗോമയം അല്ലെങ്കില്‍ ചാണകം കൊണ്ടാണ് ഭസ്‌മം ഉണ്ടാക്കുന്നതെങ്കിലും ചാണകത്തിന്‍റെ സവിശേഷത അനുസരിച്ച് അല്ലെങ്കില്‍ അത് ലഭിക്കുന്ന രീതിയനുസരിച്ച് അവ കൊണ്ടുണ്ടാക്കുന്ന ഭസ്‌മത്തിന് അല്ലെങ്കില്‍ വിഭൂതിക്ക് പല പേരുകളുണ്ട്.
ഭൂമിയില്‍ വീണുകിടക്കുന്ന ചാണകം എടുത്ത് ഉണക്കി നീറ്റിയെടുക്കുന്നതിനെയാണ് കാരദം എന്ന് പറയുന്നത്. ചാണകം നിലത്ത് വീഴുന്നതിന് മുമ്പ് കൈയില്‍ വാങ്ങി ഉണക്കി നീറ്റിയെടുക്കുന്നതിനെ പൗഷ്‌ടികം എന്നാണ് പറയുക.
പശുവിന്‍റെ ഗുദത്തില്‍ നിന്ന് ചാണകം വാങ്ങി ഉരുട്ടി നനവോടെ വെയിലില്‍ വച്ച് ഉണക്കി നീറ്റിയെടുക്കുന്നതിനെ ശാന്തികം എന്ന് പറയുന്നു.
കുങ്കുമം, ചന്ദനം, കൈതപ്പൂവിന്‍റെ നീര് തുടങ്ങിയ സുഗന്ധ വസ്തുക്കളാണ് സാധാരണ നീറ്റുമ്പോള്‍ ചേര്‍ക്കുക. അത് ശുദ്ധമായ പാത്രത്തിലോ പട്ടില്‍ പൊതിഞ്ഞോ സൂക്ഷിക്കുകയാണ് പതിവ്.
ഇന്ന് പശുക്കള്‍ പുല്ല്, വയ്ക്കോല്‍, പരുത്തിക്കുരു തുടങ്ങി പ്രകൃതി ദത്തമായ വസ്‌തുക്കള്‍ അല്ല കൂടുതല്‍ കഴിക്കുന്നത്. കാലിത്തീറ്റകളും മറ്റുമാണ്. അതുകൊണ്ട് ചാണകം തീയില്‍ ദഹിപ്പിച്ച് എടുക്കുന്ന ഭസ്മത്തിന്‌പണ്ടത്തെ മേന്മയില്ല. ഒരു ചുവന്ന നിറം വരുകയും ചെയ്യുന്നു.
|