മലയാള ഭാഷയുടെ ആചാര്യന്മാരിലൊരാളായിരുന്നു കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ താമസസ്ഥലമായിരുന്ന തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ സരസ്വതിവിലാസം കൊട്ടാരം സംരക്ഷിത സ്മാരകമാവുന്നു.
150 കൊല്ലം പഴക്കമുള്ള ഈ കെട്ടിടമിപ്പോള്‍ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പക്കലാണ്. പത്മനാഭ സ്വാമിക്ഷേത്രത്തിനുചുറ്റുമുള്ള സ്മാരക മന്ദിരങ്ങളിലൊന്നായി ഇതിനെ സംസ്ഥാന പുരാവസ്തുവകുപ്പ് കണക്കാക്കിയിരുന്നു. കൊട്ടാരം ഉടനെ സംരക്ഷക സ്മാരകമായി പ്രഖ്യാപിക്കുമെന്ന് ഡയറക്ടര്‍ വി. മന്മഥന്‍നായര്‍ അറിയിച്ചു.
പുരാവസ്തുവകുപ്പിലെ ഒരു സംഘം ഈ കൊട്ടാരം പരിശോധിക്കുകയും അതിന്‍റെ പൈതൃകമൂല്യം കണക്കാക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറെ കോട്ട മതിലിനടുത്ത് മിത്രാനന്തപുരം ക്ഷേത്രക്കുളത്തിനെതിരെയുള്ള ശംഖുചക്രനഗറിലെ 44.5 സെന്‍റ് ഭൂമിയിലാണ് വിലാസം കൊട്ടാരമുള്ളത്. ബ്രിട്ടീഷ് ശില്പകലാമാതൃകയിലാണ് ഈ ഇരുനില കെട്ടിടം പണിഞ്ഞിരിക്കുന്നത്. 10 വലിയമുറികളും ചില മുറികളുടെ ചുമര്‍ പൂക്കളുടെ മാതൃകകൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
വയലറ്റ്, ചുവപ്പ്, നീല , പച്ച എന്നീ നിറങ്ങളുള്ള ബെല്‍ജിയം ചില്ലുകളാണ് ജനല്‍പ്പാളികളില്‍ പിടിപ്പിച്ചിരിക്കുന്നത്. വാതിലുകളും ജനലുകളും അര്‍ദ്ധ ചന്ദ്രാകൃതിയിലാണ്.
റീജന്‍റ് മഹാറാണി സേതുലക്സ്മിബായിയുടെ ഇളയമകള്‍ ഇന്ദിരാ ബായിയുടെ പക്കല്‍ നിന്നും 13 ലക്ഷം രൂപക്കാണ് 15 കൊല്ലം മുമ്പ് ഹിന്ദി പ്രചാരസഭ ഈ കെട്ടിടം വാങ്ങിയത്.
"ശംഖുചക്രതു കൊട്ടാരം' എന്നും അറിയപ്പെട്ടിരുന്ന ഈ കൊട്ടാരത്തില്‍ തിരുവിതാംകൂറിലെ ആയില്യം തിരുനാള്‍ രാമവര്‍മ്മ രാജാവിന്‍റെ കാലത്ത് പത്മനാഭസ്വാമിയുടെ ആറാട്ടുഘോഷയാത്ര തിരിച്ചെഴുന്നുള്ളുമ്പോള്‍ ഈ കൊട്ടരത്തില്‍ വിശ്രമിക്കാറുണ്ടായിരുന്നു.
1870 ല്‍ അന്നത്തെ ദിവാനെതിരെ കത്തെഴുതിയെന്നാരോപിച്ച് വലിയ കോയിത്തമ്പുരാനെ അറസ്റ്റു ചെയ്യാന്‍ വന്ന തിരുവിതാംകൂര്‍ പൊലീസിനെ ഭാര്യ തടഞ്ഞ് തറയില്‍ കിടന്ന് പ്രതിഷേധിച്ചതും ഈ കൊട്ടാരത്തിലായിരുന്നു.
ഹിന്ദി പ്രചാരസഭ പൊതുപ്രവര്‍ത്തക അഴിമതി നിരോധന കമ്മീഷന് വാടകയ്ക്ക് കൊടുത്ത ഈ കെട്ടിടം പിന്നിട് 2000 ത്തില്‍ ഹിന്ദിപ്രചാരസഭ തന്നെ ഉപയോഗിച്ചു തുടങ്ങി.
|