ഏകാദശികളില്‍ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗ്ഗവാതില്‍ ഏകാദശി. 2007 ലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഡിസംബര്‍ 20 വ്യാഴാഴ്ചയാണ് ആഘോഷിക്കുന്നത്.
മനുഷ്യന്‍റെ ദുഖഭാരങ്ങള്‍ തീര്‍ത്ത് മോക്ഷം നല്‍കുന്ന ഈ ഏകാദശി വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഏറെ വിശേഷപ്പെട്ട ദിനമാണിത്.
സ്വര്‍ഗ്ഗവാതില്‍ ഏകാദശി നാളില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതില്‍ അലങ്കരിച്ച് സ്വര്‍ഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു.
അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയില്‍ ഭഗവാനെ സിഹാസന വാഹനത്തില്‍ എഴുന്നള്ളിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഈ ദിവസം തിരുവിതാംകൂര്‍ മഹാരാജാവ് കുടുംബാങങ്ങളുമൊത്ത് ദര്‍ശനത്തിനെത്തും.
ഭഗവാന്‍ കൃഷ്ണന്‍ സതീര്‍ത്ഥ്യനായിരുന്ന കുചേലന്‍റെ അവില്‍പ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയെന്ന് വിശ്വാസം.
കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ ജീവിതത്തിന്‍റെയും മരണത്തിന്‍റെയും തത്ത്വശാസ്ത്രം ഭഗവത്ഗീഥയിലൂടെ അര്‍ജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന് കരുതുന്നു. അതിനാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു.
|