ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായി നിലനിന്നിരുന്ന സാമൂഹിക ദുരാചാരമായ സതി നിര്‍ത്തലാക്കിയിട്ട്2007 ഡിസംബര്‍ 4ന് 178 വര്‍ഷമാവുന്നു. സാമൂഹിക പരിഷ്കര്‍ത്താവായ രാജാറാം മോഹന്‍റായിയുടെ ശ്രമഫലമായിരുന്നു 1829ലെ ഈ തീരുമാനം.
ഉത്തരേന്ത്യയിലെ ചില പ്രബല ഹിന്ദു വിഭാഗങ്ങളില്‍ നില നിന്നിരുന്ന ഒരാചാരമായിരുന്നു സതി. ഭര്‍ത്താവു മരിച്ചാല്‍ അദ്ദേഹത്തിന്‍റെ ചിതയില്‍ പത്നി സ്വയം ചാടി ജീവത്യാഗം നടത്തിയിരുന്നതിനെയാണ് സതിയെന്ന് പറയുന്നത്.
പത്നി സ്വയം അനുഷ്ടിക്കേണ്ട സതി പിന്നീട് ഒരു നിര്‍ബന്ധമായി മാറുകയും ബലം പ്രയോഗിച്ച് അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിയുന്ന ഒരു കാടന്‍ ആചാരമായി മാറുകയും ചെയ്തു.
രാജസ്ഥാനിലെ രജപുത്രര്‍ക്കിടയിലും ബംഗാളിലെ സവര്‍ണ വിഭാഗങ്ങള്‍ക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു. ഹൈന്ദവ പുരാണങ്ങളില്‍ ഒരിടത്തും സതി ഒരാചാരമാണെന്ന് പറയുകയോ സതി അനുഷ്ടിച്ച വ്യക്തികളെക്കുറിച്ച് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
ഭാരതീയ പുരാണങ്ങളില്‍ രണ്ട് സതിമാരാണുണ്ടായിരുന്നത്. ഒന്ന് ഹിമവാന്‍റെ മകള്‍ സതിയും മറ്റൊന്ന് സത്യവാന്‍റെ ഭാര്യയായ സത്യവതിയും. ഇതില്‍ ഹിമവാന്‍െറ മകള്‍, കാമുകനായ ശിവനെ തന്‍റെ പിതാവ് അപമാനിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുകയും പാര്‍വ്വതിയായി പുനര്‍ജനിക്കുകയും ചെയ്തു. ഇതിലെവിടെയും സതിയെന്ന അനുഷ്ടാനത്തിന്‍റെ ലാഞ്ചന പോലുമില്ല.
ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യന്‍സ് എന്നിവരുടെ ഇടയില്‍ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യന്‍ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേര്‍ന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യര്‍, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി.
|