കൊടുങ്ങല്ലൂര്‍ ഭരണി പ്രസിദ്ധമാണ്. പ്രത്യകിച്ചും ഉത്സവ വേളയിലെ പൂരപ്പാട്ട്. മധുരാപുരി തന്‍റെ പാതിവ്രത്യ ശക്തിയാല്‍ അഗ്നിക്കിരയാക്കിയ ശേഷം കോപാകുലയായി കൊടുങ്ങല്ലൂരിലെത്തിയ കണ്ണകിയെ തെറി അഭിഷേകം നടത്തി ശാന്തയാക്കിയെന്നാണ് കഥ.
കേരളത്തില്‍ മാത്രമല്ല ഉത്തര്‍പ്രദേശിലും തെറി വിളിക്കായി ഒരു ഉത്സവമുണ്ട്. കജ്റി എന്നാണ് ഉത്സവത്തിന്‍റെ പേര്.
സംസ്ഥാനത്തെ ജോന്‍പൂര്‍ ജില്ലയിലെ കജ്ഗോണ്‍, രാജ്പൂര്‍ ഗ്രാമങ്ങളിലാണ് ഈ ആഘോഷം കൊണ്ടാടുന്നത്. പ്രാചീനകാലം മുതല്‍ നടന്നു വരുന്ന ഈ ആഘോഷത്തിന് പിന്നില്‍ രസകരമായ ഒരു ഐതീഹ്യമുണ്ട്.
ഒരിക്കല്‍ കജഗോണ്‍ ഗ്രാമത്തിലെ ഒരു കൂട്ടം സുന്ദരിമാര്‍ ഒരു യാത്ര പോയി. പക്ഷേ അവര്‍ വഴി തെറ്റി തൊട്ടടുത്ത ഗ്രാമമായ രാജ്പൂരിലാണെത്തിയത്. സന്ധ്യ മയങ്ങിയിട്ടും വഴി കണ്ടെത്താനാകാതെ അലഞ്ഞ അവര്‍ക്ക് രാജ്പൂരിലെ ഒരു ഗ്രാമീണന്‍ അന്ന് രാത്രി അഭയം നല്‍കി. അന്നവിടെ തങ്ങിയ സുന്ദരിമാര്‍ പിറ്റേന്ന് രാവിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തു.
പക്ഷേ നാട്ടുകാര്‍ അടങ്ങിയിരിക്കുമോ. സംഭവം വിവാദവും അപവാദവുമൊക്കെയായി. സ്വന്തം നാട്ടിലെ പെണ്‍കുട്ടികളുടെ മാനം കാക്കല്‍ സ്വന്തം ഉത്തരവാദിത്തമായി നാട്ടുകാര്‍ ഏറ്റെടുത്തു.
ഗ്രാമത്തിലെ കാരണവന്മാര്‍ ഒരു കൂട്ടം ഗുണ്ടകളുടെ അകമ്പടിയോടെ രാജ്പൂരിലെത്തി. യുവതികളെ രാജ്പൂരിലെ പുരുഷന്മാര്‍ വിവാഹം കഴിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
ആവശ്യം രാജ്പൂര്‍ നിവാസികള്‍ തിരസ്ക്കരിച്ചു. രണ്ട് കൂട്ടരും തമ്മില്‍ യഥേഷ്ടം തെറിയഭിഷേകം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇതൊരു ആചാരമായി മാറുകയും ചെയ്തു.
|