ഫേസ്ബുക്കിന്‍റെ സ്വകാര്യത ഇനിയും ലളിതമാകും!

ചെന്നൈ| WEBDUNIA|
PRO
PRO
അമേരിക്കന്‍ ഭരണഘടനയേക്കാ‍ള്‍ നീളം കൂടിയതാണ് ഫേസ്ബുക്കിന്‍റെ സ്വകാര്യതാ നയം എന്ന ആരോപണം നേരത്തേയുള്ളതാണ്. നെറ്റ്‌വര്‍ക്കില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ സൈറ്റിന്‍റെ സ്വകാര്യതാനയം ഒന്നു പരിശോധിച്ചുകളയാം എന്ന് വിചാരിച്ച് കയറിച്ചെന്നാല്‍ കുടുങ്ങിപ്പോകുമെന്ന് ഉറപ്പാണ്. അമേരിക്കന്‍ ഭരണഘടനയിലെയും സൈബര്‍ നിയമങ്ങളിലെയും കടുകട്ടിയാ‍യ 5830 നിയമസാങ്കേതിക പദങ്ങള്‍ തിരിച്ചറിയാന്‍ ‘ഗൂഗിള്‍’ ചെയ്ത് മാനം കെടും അല്ലെങ്കില്‍ വക്കീലിന്‍റെ സഹായം തേടേണ്ടി വരും.

ഗൂഗ്ലിയും വക്കീലന്മാരുടെ സഹായത്തോടെയും ഫേസ്ബുക്കിന്റെ സ്വകാര്യതാനയം വായിച്ച് പഠിച്ചിട്ടു വല്ല കാര്യവുമുണ്ടോ എന്നതാണ് അടുത്ത ചോദ്യം. സ്വകാര്യതാനയത്തിന്റെ കടുകട്ടിയും ദൈര്‍ഘ്യമൊന്നും സൈറ്റിന്‍റെ പെരുമാറ്റത്തില്‍ കാണില്ല എന്നതാണ് സത്യം. സൈറ്റില്‍ പങ്കാളിയാകുന്നവരുടെ സ്വകാര്യവിവരങ്ങള്‍ പരസ്യക്കമ്പനികള്‍ക്കും മറ്റും വിറ്റ് കാ‍ശാക്കുന്നതില്‍ ഏറ്റവും മുമ്പിലാണ് ഫേസ്ബുക്ക്. ഇക്കാര്യത്തില്‍ അവര്‍ പണ്ടേ വലിയ ‘ലാളിത്യം’ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഏതായാലും നാട്ടുകാരുടെ ഒരു പരാതിക്ക് ഫേസ്ബുക്ക് ചെവി കൊടുക്കുകയാണ്. ഫേസ്ബുക്ക് ഉപഭോക്താക്കളെ നിയമപണ്ഡിതരാക്കുന്ന സ്വകാര്യതാ നയം പൊളിച്ചെഴുതാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇനി മുതല്‍ ഫേസ്ബുക്ക് എന്താണെന്ന് തിരിയാന്‍ വക്കീലന്മാര്‍ക്ക് കത്തെഴുതേണ്ട കാര്യമില്ലെന്ന് അധികാരികള്‍ പറയുന്നു. പറയുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ലളിതമായി പറയും എന്ന് മാത്രമേ ഇതുകൊണ്ട് അര്‍ഥമാക്കുന്നുള്ളൂ. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വളരെ ഗുപ്തമായി സൂക്ഷിക്കപ്പെടും എന്നൊന്നും ഇതിനര്‍ഥമില്ല.

ഫേസ്ബുക്കിന്‍റെ സ്ഥാപകനും നിലവിലെ സി ഇ ഓയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് എല്ലാത്തരം സ്വകാര്യതകളെയും എതിര്‍ക്കുന്നയാളാണ്. ആഗോളീകരിക്കപ്പെട്ട സാമൂഹിക സാഹചര്യങ്ങളും ഉദാരീകരിക്കപ്പെട്ട കമ്പോളസാഹചര്യങ്ങളും എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിനെ അംഗീകരിക്കുന്നില്ലെന്ന് അങ്ങോര്‍ പറയും. കൂടാതെ സൂക്കര്‍ബര്‍ഗ്ഗിനെക്കുറിച്ച് അത്ര സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഫേസ്ബുക്കില്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇമെയില്‍ പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കുന്ന സ്വഭാവമുണ്ട് മൂപ്പര്‍ക്ക്. പിന്നീട് മെയിലില്‍ കയറി... ഛെ! ഛെ!! അതുകൊണ്ട് സ്വകാര്യത സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും നയമുണ്ടെങ്കില്‍ ഫേസ്ബുക്കിനെ മാറ്റിനിര്‍ത്തുന്നതാണ് നല്ലത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :