കമ്പനികള്‍ പോര്‍ട്ടബിലിറ്റി കിട്ടാക്കനിയാക്കുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
മൊബൈല്‍ ഫോണ്‍ വരിക്കാരെ സഹായിക്കാനായി രൂപം കൊടുത്ത നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം വരിക്കാര്‍ക്ക് തന്നെ വിനയായി മാറുന്നു. കണക്ഷന്‍ മാറുന്നത് സംബന്ധിച്ച് മൊബൈല്‍ ഫോണ്‍ കമ്പനിക്കാരുടെ കടും‌പിടുത്തങ്ങളും മത്സരങ്ങളുമാണ് വരിക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

പുതിയ കമ്പനിയിലേക്ക് മാറാന്‍ നിലവിലെ കമ്പനികള്‍ അനുവദിക്കുന്നില്ല എന്നാണ് വരിക്കാര്‍ പരാതിപ്പെടുന്നത്. രേഖകളെല്ലാം സമര്‍പ്പിച്ചു കഴിഞ്ഞാലും കമ്പനികള്‍ അകാരണമായി ഇക്കാര്യം നീട്ടിക്കൊണ്ടുപോകുകയാണ്. ദിവസങ്ങള്‍ എത്ര കാത്തിരുന്നാലും ഇവരുടെ പ്രതികരണം ഉണ്ടാവില്ല. മറ്റു കമ്പനികളിലേക്ക് മാറിപ്പോകരുതെന്നും കോള്‍ നിരക്കുകള്‍ കുറച്ച് നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വരിക്കാര്‍ പറയുന്നു.

കസ്റ്റമര്‍ കെയറില്‍ വിളിച്ചാലും യാതൊരു പ്രയോജനവുമില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കോള്‍ ചാര്‍ജും എസ്എംഎസ് നിരക്കുകളും നോക്കിയാണ് പലരും മറ്റ് കമ്പനികളിലേക്ക് ചുവടുമാറാന്‍ താല്പര്യപ്പെടുന്നത്. മറ്റു കണക്ഷനുകളിലേക്ക് മാറാന്‍ അനുവദിച്ചാല്‍ തന്നെയും അതിനുള്ള കാലതാമസം വിനയാകുകയാണ്.

നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നതോടെ കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കുകയാണ്. പുതിയ വരിക്കാരെ ചാക്കിലാക്കാനായി പരസ്യങ്ങളിലൂടെ കമ്പനികള്‍ തുറന്ന യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഹലോ ട്യൂണുകളും ഓഫറുകളും സമ്മാനിച്ച് വരിക്കാരെ പിടിച്ചു നിര്‍ത്താനാണ് ഇപ്പോഴുള്ള ശ്രമം.

മനപ്പൂര്‍വമായ വൈകിപ്പിക്കലും തകരാറുകളും പരമാവധി ഒഴിവാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപയോഗത്തിലുള്ള നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അപേക്ഷ നല്‍കി പരമാവധി ഏഴു ദിവസത്തിനുള്ളില്‍ പുതിയ കമ്പനിയുടെ കണക്ഷനിലേക്ക് മാറാന്‍ കഴിയുമെന്നും രണ്ട് മണിക്കൂര്‍ മാത്രമേ തടസം നേരിടൂ എന്നുമായിരുന്നു ടെലികോം മന്ത്രാലയം പറഞ്ഞിരുന്നത്. എന്നാല്‍ 15 ദിവസം കഴിഞ്ഞാലും മാറാനാവാത്ത അവസ്ഥയാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :