നമസ്കാരം... ഗൂഗിള്‍ ടിവിയിലേക്ക് സ്വാഗതം!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
നമസ്കാരം... ഗൂഗിള്‍ ടെലിവിഷനിലേക്ക് സ്വാഗതം... അതെ, ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കും തുടങ്ങുകയാണ്. സങ്കേതിക ലോകത്തെ രാജാവിന്റെ വാഴ്ച ഇവിടെ തുടരുകയാണ്. നെറ്റ് ലോകത്ത് എന്നും പുതുമകളുമായി എത്തുന്ന ഗൂഗിള്‍ ടെലിവിഷന്‍ മേഖലയിലും പരീക്ഷണങ്ങള്‍ നടത്തുകയാണ്.

വര്‍ഷങ്ങളായി നെറ്റ് രംഗത്ത് വിവിധ സേവനങ്ങള്‍ നടപ്പിലാക്കി വിജയം നേടിയ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം സെല്‍ഫോണ്‍ വിപണിയിലും കാലുകുത്തി. ഗൂഗിളില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ഇലക്ട്രോണിക്സ് ഉപകരണം കൂടിയായിരുന്നു അത്. ഗൂഗിള്‍ ടിവി എന്ന പേരില്‍ പുതിയ സേവനം കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തിറക്കിയത്.

ലോകത്തെ വിവിധ കേബിള്‍, സാറ്റലൈറ്റ് ചാനലുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടിവി നടപ്പിലാക്കുന്നത്. ടെലിവിഷണില്‍ തന്നെ ഇന്റര്‍നെറ്റും ലഭ്യമാക്കും. ഇതിലൂടെ ലോകത്തെ ഏത് ടെലിവിഷന്‍ പ്രോഗ്രാമുകളും അന്വേഷിച്ച് കണ്ടെത്തി ആസ്വദിക്കാനാവും.

ഗൂഗിള്‍ ടെലിവിഷന്‍ സംവിധാന പദ്ധതിയില്‍ ഇന്റല്‍ കമ്പനിയും സോണിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു സെറ്റപ്പ് ബോക്‌സ് നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ഈ കൂട്ടായ്മ.

ദൃശ്യമാധ്യമരംഗത്ത് വന്‍വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളുമായാണ് ഗൂഗിള്‍ ടിവിയെത്തുന്നത്. വീട്ടിലിരുന്ന് ടെലിവിഷനില്‍ ഇഷ്ട പ്രോഗ്രാമുകള്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ സങ്കേതം 'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ച് ഗൂഗിള്‍ പരീക്ഷിക്കും. അതേസമയം, ഗൂഗിള്‍ ടി വി സേവനം ലഭ്യമാക്കാന്‍ എന്തു വില നല്‍കേണ്ടി വരുമെന്നത് സംബന്ധിച്ച് അധികൃതര്‍ പ്രസ്താവന നടത്തിയിട്ടില്ല.

ഡി റ്റി എച്ച് പോലെ ഗൂഗിള്‍ നല്‍കുന്ന സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ ലോകത്തെ ടെലിവിഷന്‍ ചാനലുകള്‍ മികച്ച സാങ്കേതിക മികവോടെ ലഭിക്കും. ഇതോടൊപ്പം ഇന്റര്‍നെറ്റും ലഭ്യമാകും. നിലവിലെ ട്രന്റായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സേവനങ്ങള്‍, യൂടൂബ് വീഡിയോകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങീ നിരവധി സേവനങ്ങളും ഇത് വഴി ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഗൂഗിള്‍ സെറ്റപ്പ് ബോക്സ് ഇന്റലും സോണിയും ടെക്‌നോളജി നിര്‍മാതാക്കളായ ലോഗിടെകും ചേര്‍ന്നാണ് വികസിപ്പിച്ചെടുക്കുക. സെറ്റപ്പ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളും കീബോര്‍ഡും ലോഗിടെക് നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. അതേസമയം, പ്രവര്‍ത്തനങ്ങളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും.

അതെ, ദൃശ്യമാധ്യമ രംഗത്ത് ഇനി ഗൂഗിളിന്റെ ദിനങ്ങളായിരിക്കും. ലോകത്തെ ടെലിവിഷന്‍ നെറ്റ് ശൃംഖലകള്‍ ഗൂഗിളിന്റെ കീഴില്‍ വരും. ഇതോടെ പരമ്പരാഗത ടെലിവിഷനുകള്‍ ഓര്‍മ്മയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :