വീഡിയോ ജാലകം കുതിക്കുകയാണ്

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA| Last Modified തിങ്കള്‍, 17 മെയ് 2010 (13:24 IST)
അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് വന്‍ പുരോഗതിയിലാണ്. യൂട്യൂബ് വീഡിയോ പ്രേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നെറ്റ് ഉപയോക്താക്കള്‍ ദിവസവും ഏകദേശം രണ്ട് ബില്യന്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

യൂട്യൂബിന്റെ മുന്നേറ്റത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുക്കൊണ്ട് യൂട്യൂബ് വക്താക്കള്‍ ഔദ്യേഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും വീഡിയോ പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതിലൂടെ ഓണ്‍ലൈന്‍ പരസ്യത്തിലൂടെ മികച്ച വരുമാന നേട്ടമാണ് കമ്പനിയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ മൂന്ന് പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്ക് ലഭിക്കുന്നതിനേക്കള്‍ രണ്ടിരട്ടി പ്രേക്ഷകരെ യൂട്യൂബ് ചാനലുകള്‍ ലഭിക്കുന്നുണ്ട്. വാര്‍ത്തകള്‍, സാമൂഹികം, സാംസ്കാരികം, കായികം, വിദ്യാഭ്യാസം മേഖലകളില്‍ നിന്നുള്ള നിരവധി വീഡിയോകളില്‍ യൂട്യൂബില്‍ ലഭ്യമാണ്. ലോകത്ത് സംഭവിക്കുന്ന പ്രമുഖ വാര്‍ത്തകളുടെയെല്ലാം വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം യൂട്യൂബില്‍ ലഭ്യമാകുന്നുണ്ട്.

2005ല്‍ വാലന്റൈന്‍ ദിനത്തിലാണ് മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് യൂട്യൂബിന് ജന്മം നല്‍കുന്നത്. ചാദ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരീം എന്നിവരുടെ കണ്ടെത്തലാണ്‌ ഓണ്‍ലൈന്‍ വീഡിയോ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്‍.

ജാവേദ് കരീം സാന്‍ഡിയാഗോ വിനോദ യാത്രയ്ക്കിടെ തന്റെ കാമറയില്‍ പകര്‍ത്തിയ കാഴ്ച ബംഗ്ലാവിന്റെ വീഡിയോയാണ് ആദ്യമായി യൂട്യൂബിലെ അപ്‌ലോഡ് ചെയ്തത്. ‘മീ അറ്റ് ദി സൂ’ എന്ന പേരില്‍ പോസ്റ്റ് ചെയ്ത ആദ്യ വീഡിയോ ഇന്നും യൂട്യൂബില്‍ ലഭ്യമാണ്.

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ 2008 വര്‍ഷത്തിലാണ് യുട്യൂബ് വാങ്ങുന്നത്. ഗൂഗിള്‍ 165 കോടി ഡോളറിനാണ് യൂട്യൂബ് സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ യൂട്യൂബിന്റെ ഘടനയിലും ഉള്ളടക്കത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :