ട്വിറ്ററില്‍ ഷാവേസാണ് താരം!

കാരകാസ്| WEBDUNIA|
ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസാണ് താരം. ഓരോ നിമിഷവും ഷാവേസിന്റെ ട്വിറ്റര്‍ ജനപ്രീതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. രണ്ടാഴച മുമ്പ് അംഗത്വമെടുത്ത ഷാവേസ് വൈനിസ്വലന്‍ ട്വിറ്റര്‍ അംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ട്വിറ്ററില്‍ 237,000 പേരാണ് ഷാവേസിനെ പിന്തുടരുന്നത്. രാജ്യത്തെ എന്തു പ്രശ്നങ്ങള്‍ സംബന്ധിച്ചും ട്വീറ്റ് ചെയ്യാമെന്നിരിക്കെ ഷാവേസിനെ തേടി നിരവധി സന്ദേശങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്.

തിരക്കിനിടയില്‍ എല്ലാവര്‍ക്കും തിരിച്ച് സന്ദേശം അയക്കാന്‍ സാധിക്കുന്നില്ലെന്നും ട്വിറ്റര്‍ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേകം സാങ്കേതിക വിദഗ്ധരെ നിയമിക്കാനും ഷാവേസിന് പദ്ധതിയുണ്ട്. ഷാവേസിന് ലഭിച്ചുക്കൊണ്ടിരിക്കുന്ന ട്വീറ്റുകള്‍ക്ക് ഉത്തരം നല്‍കാനായി ഇരുന്നൂറ് പേരെ നിയമിക്കാനാണ് പദ്ധതി. ജനങ്ങളോട് സംസാരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മീഡിയ ട്വിറ്ററാണെന്നും ഷാവേസ് പറഞ്ഞു.

ഷാവേസ് പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും ട്വിറ്റര്‍ വിഷയം വന്നതോടെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. ഏപ്രില്‍ 27ന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രസീസിലെത്തിയെന്ന് സ്പാനിഷ് ഭാഷയില്‍ സന്ദേശം നല്‍കിയാണ് ഷാവേസ് 'ഷാവേസ് കാന്‍ഡന്‍ഗ' എന്ന ട്വിറ്റര്‍ അക്കൗണ്ടിന് തുടക്കമിട്ടത്. നേരത്തെ ഇന്റര്‍നെറ്റ് സൗഹൃദക്കൂട്ടായ്മകളിലൂടെ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന ശത്രുക്കളെ സമാന സൈറ്റുകളിലൂടെ പ്രതിരോധിക്കാന്‍ അടുത്തിടെ ഷാവേസ് ആഹ്വാനം ചെയ്തിരുന്നു.

ട്വിറ്റര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷം 1000 ശതമാനം വര്‍ധനയുണ്ടായ വെനസ്വേലയില്‍ രണ്ടുലക്ഷത്തോളം സജീവ ട്വിറ്റര്‍ അംഗങ്ങളായുണ്ടെന്നാണ് കണക്ക്. പാശ്ചാത്യ ശക്തികളുടെ പ്രചാരണം നേരിടുന്നതിനുള്ള പരിപാടികളുടെ ഭാഗമായാണ് 140 അക്ഷരങ്ങളില്‍ ഇന്റര്‍നെറ്റുവഴി ചെറുസന്ദേശം നല്‍കുന്ന ട്വിറ്ററില്‍ ഷാവേസ് അംഗമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :