ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക്

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 6 മെയ് 2010 (10:18 IST)
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക്. ഏകദേശം 1.5 ദശലക്ഷം ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഓണ്‍ലൈനിലെ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് സുരക്ഷാ മേഖലയില്‍ ഗവേഷണം നടത്തുന്ന വെരിസൈന്‍ ഐഡിഫന്‍സ് ലാബാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ‘കിര്‍ലോസ്’ എന്ന പേരിലുള്ള ഹാക്കറാണ് ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. റഷ്യന്‍ വെബ്സൈറ്റുകളായ കാര്‍ഡര്‍ ഡോട്ട് എസ് യു, ദി സണ്‍ ഡോട്ട് കോ ഡോട്ട് യു കെ സൈറ്റുകളിലാണ് ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

അതേസമയം, ഇത്തരമൊരു വാര്‍ത്ത ഫേസ്ബുക്ക് നിഷേധിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ആര്‍ക്കും വില്‍ക്കാനാകില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഫേസ്ബുക്ക് മേധാവികള്‍ അറിയിച്ചു. കിര്‍ലോസ് എന്ന ഹാക്കറെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും വേണ്ടപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ആയിരം ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്ക് 25 ഡോളറാണ് വിലയിട്ടിരിക്കുന്നതെന്ന് ഐഡിഫന്‍സ് വക്താവ് അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വന്‍ പ്രചാരം നേടിയതോടെ ഹാക്കര്‍മാരുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ സുരക്ഷ ശക്തമാക്കാനായി ഫേസ്ബുക്ക് നിരവധി സാങ്കേതികസേവനങ്ങള്‍ നടപ്പിലാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :