സുരക്ഷാ ബട്ടന്‍ സ്വീകരിക്കില്ലെന്ന് ഫേസ്ബുക്ക്

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 15 ഏപ്രില്‍ 2010 (16:08 IST)
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ സുരക്ഷാ ബട്ടന്‍ സംവിധാനം കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്കിലെ ഓരോ അംഗത്തിനും സുരക്ഷാ ബട്ടന്‍ സേവനം നല്‍കുന്നത് സാധ്യമല്ല. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ സുരക്ഷയെ കുറിച്ച് ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രോറ്റക്‍ഷന്‍ സെന്റര്‍ നടത്തിയ ചര്‍ച്ചയിലാണ് ഫേസ്ബുക്ക് മേധാവികള്‍ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലെ വ്യക്തി ആക്രമണങ്ങളെ തടയാന്‍ സുരക്ഷാ ബട്ടന്‍ സംവിധാനം നടപ്പിലാക്കണമെന്ന് ബ്രിട്ടന്‍ സര്‍ക്കാറും ബ്രിട്ടനിലെ രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് സുരക്ഷാ ബട്ടന്‍ സാധ്യമല്ലെന്ന് ഫേസ്ബുക്ക് അറിയിച്ചത്. അതേസമയം, ഓണ്‍ലൈന്‍ ലോകത്തിന് പുറത്തുള്ളതും അകത്തുമുള്ള സുരക്ഷ ശക്തമാക്കാന്‍ ഇത്തരം ബട്ടനുകള്‍ പൂര്‍ണയോഗ്യമല്ലെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഫേസ്ബുക്ക് അംഗമായ പെണ്‍കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തിലാണ് പാനിക് ബട്ടന്‍ വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്. ഫേസ്ബുക്കിലെ ബന്ധം ഉപയോഗിച്ച് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ഇതെത്തുടര്‍ന്ന് ബ്രിട്ടണിലെ നിരവധി പേര്‍ ഫേസ്ബുക്കില്‍ പാനിക് ബട്ടന്‍ സംവിധാനം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

ബന്ധങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത നെറ്റ് ലോകത്ത് ഇത്തരം സുരക്ഷാ സംവിധാന സഹായികളും അത്യാവശ്യമാണ്. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കൊലപാതവും പീഡനങ്ങളും വര്‍ധിച്ചിരിക്കുകയാണ്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഴിയുള്ള ബന്ധങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പൂര്‍ണ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന നിരവധി അംഗങ്ങള്‍ ഫേസ്ബുക്കിലുണ്ട്. ഇത്തരം അംഗങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന് വാദിക്കുന്നവരും കുറവല്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുന്നില്‍ പാശ്ചാത്യനാടുകളാണെന്നതും ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :