ഹാക്കിംഗ്: അമ്മയ്‌ക്കെതിരെ മകന്റെ പരാതി

സാന്‍‌ ഫ്രാന്‍‌സിസ്കോ| WEBDUNIA|
PRO
തന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് അപകീര്‍‌ത്തീകരമായ അഭിപ്രായങ്ങള്‍‌ പോസ്റ്റുചെയ്‌തതിന് അമ്മയ്‌ക്കെതിരെ മകന്‍‌ പരാതി നല്‍‌കി. അര്‍‌ക്കന്‍‌സാസിലെ 16 വയസ്സുകാരനാണ് പരാതിക്കാരന്‍‌. തന്റെ ഫേസ്‌ബുക്കും ഇമെയില്‍‌ അക്കൌണ്ടുകളും ഹാക്കുചെയ്‌ത് പാസ്‌വേഡുകള്‍‌ മാറ്റിയെന്നും അപകീര്‍‌ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങളും തന്റെ വ്യക്തിപരമായ കാര്യങ്ങളും പോസ്റ്റു ചെതുവെന്നുമാണ് പരാതി. പ്രായപൂര്‍‌ത്തിയാകാത്തതിനാല്‍‌ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍‌ മാതാവായ ഡെനിസ് ന്യൂ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തന്റെ കമ്പ്യൂട്ടറില്‍‌ മകന്‍‌ ഫേസ്ബുക്ക് പേജ് ക്ലോസ് ചെയ്യാന്‍‌ മറന്നതിനാല്‍‌ താനത് കാണുകയും അതില്‍‌ കുറ്റകരമായ വിവരങ്ങള്‍‌ പോസ്റ്റുചെയ്‌തിരിക്കുന്നത് കണ്ടതിനാല്‍ അവ പരിശോധിക്കുകയായിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്.

പെണ്‍‌സുഹൃത്തുമായി പിണങ്ങിയതിനാല്‍‌ ഒരു രാത്രി മണിക്കൂറില്‍‌ 152 കിലോമീറ്റര്‍‌ വേഗത്തില്‍ വാഹനമോടിച്ചതായി സൂചിപ്പിക്കുന്ന മകന്റെ ഒരു പോസ്റ്റ് ഡെനിസ് കണ്ടു. തുടര്‍‌ന്നാണ് കുട്ടിയുടെ ഓണ്‍‌ലൈന്‍‌ പ്രവര്‍‌ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള നിയമപരമായ അവകാശം രക്ഷിതാവെന്ന നിലയില്‍‌ ഉള്ളതിനാല്‍‌ അവര്‍‌ ഫേസ്ബുക്ക് ഹാക്കുചെയ്‌തതെന്നാണ് റിപ്പോര്‍‌ട്ടുകള്‍‌ പറയുന്നത്.

ഇതിങ്ങനെ വിടാന്‍‌ ഉദ്ദേശ്യമില്ലെന്നും കുട്ടികളുടെ ഓണ്‍‌ലൈന്‍‌ പ്രവര്‍‌ത്തനങ്ങള്‍‌ അറിയാനുള്ള അവകാശം രക്ഷിതാക്കള്‍‌ക്കുണ്ടെന്നത് തെളിയിക്കുമെന്നും ഡെനിസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :