ഓണ്‍ലൈന്‍ കുട്ടിയെ വളര്‍ത്തി; സ്വന്തം കുഞ്ഞിനെ കൊന്നു

സിയോള്‍| WEBDUNIA|
PRO
PRO
ആധുനിക ലോകത്ത് എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ജീവനും ബന്ധങ്ങള്‍ക്കും വിലയില്ലത്ത ലോകത്ത് സാങ്കേതികതയോടുള്ള പ്രണയം വര്‍ധിച്ചു വരികയാണ്. ദക്ഷിണകൊറിയയിലെ ദമ്പതിമാര്‍ വിര്‍ച്വല്‍ ലോകത്തെ കുട്ടിയെ വളര്‍ത്താന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്നുവെന്ന പുതിയ വാര്‍ത്തയാണ് ബി ബി സി അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ കുട്ടിയെ അഥവാ വിര്‍ച്വല്‍ വേള്‍ഡിലെ കുട്ടിയെ വളര്‍ത്താന്‍ വേണ്ടി സമയം കണ്ടെത്തിയ ദമ്പതിമാര്‍ മൂന്ന് മാസം പ്രായമായ തങ്ങളുടെ പെണ്‍കുഞ്ഞിന്റെ ജീവിതം തീര്‍ത്തും മറക്കുകയായിരുന്നു. സ്വന്തം അമ്മയില്‍ നിന്ന് അമ്മിഞ്ഞ ലഭിക്കേണ്ട പ്രായത്തില്‍ ദാഹജലം പോലും കിട്ടാതെ പിഞ്ചു കുഞ്ഞ് പട്ടിണി കിടന്ന് മരിക്കുകയായിരുന്നുവത്രെ. സംഭവം പുറത്തായതോടെ ദമ്പതിമാരെ പോലീസ് അറസ്റ്റു ചെയ്തു.

ദക്ഷിണ കൊറിയയിലെ കിംയൂ ചുലും ചോയി മി-സുനുമാണ് സ്വന്തം കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്നത്. പത്തു മാസം തികയും മുമ്പ് പ്രസവിച്ച കുട്ടിക്ക് അമ്മിഞ്ഞ നല്‍കാതെ റെഡിമെയ്ഡ് ഭക്ഷണങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ കുഞ്ഞിനെ വളര്‍ത്താനായി ദിവസം പന്ത്രണ്ട് മണിക്കൂറും നെറ്റ് ലോകത്ത് ചെലവഴിച്ച ദമ്പതിമാര്‍ കുഞ്ഞിനൊപ്പം ചെലവഴിക്കാന്‍ കേവലം ഒരു മണിക്കൂര്‍ പോലും സമയം കണ്ടെത്തിയില്ല.

ജനപ്രിയ ഓണ്‍ലൈന്‍ ഗെയിം ‘പ്രിയുസ്’ എന്ന കളിയിലെ ‘അനിമ’ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയെ വളര്‍ത്തുന്നതിന് വേണ്ടിയാണ് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്നത്. സാധാരണ ജീവിതം മടുത്തതിനാലാണ് ഓണ്‍ലൈന്‍ ലോകത്ത് സമയം കളയുന്നതെന്ന് ദമ്പതിമാര്‍ പറഞ്ഞു.

അടുത്തിടെ ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ട മറ്റൊരു കൊറിയന്‍ യുവാവ് തന്റെ അമ്മയെ വധിച്ചിരുന്നു. ഓണ്‍ലൈന്‍ ഗെയിമിനെ എതിര്‍ത്ത അമ്മയെ ഇരുപത്തിരണ്ടുകാരന്‍ കൊല്ലുകായിരുന്നുവത്രെ. തന്റെ അമ്മയെ കൊന്ന അദ്ദേഹം നേരെ ഇന്റര്‍നെറ്റ് കഫേയില്‍ പോയി മതിവരുവോളം ഗെയിം കളിച്ചത്രെ. അതെ, ഓണ്‍ലൈന്‍ ഗെയിമും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരിയാണെന്നാണ് വിവിധ സര്‍വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :