ചൈനയിലെ പ്രമുഖ സൈറ്റിനെതിരെ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ രംഗത്ത്. ഗൂഗിളിന് സമാനമായ ലോഗോ ഉപയോഗിക്കുന്ന ചൈനീസ് വെബ്സൈറ്റായ ഗൂജ്ജെയ്ക്കെതിരെയാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍ഡ് നെയിമുകളില്‍ ഒന്നായ ഗൂഗിളിന്റെ ലോഗോയോട് ഏറെ സമാനമുള്ളതാണ് ഗൂജ്ജെയുടെ ലോഗോയും.
ഇതിനെതിരെ ഗൂഗിള്‍ പരാതി നല്‍കിയിരുന്നെങ്കിലും ചൈനീസ് സര്‍ക്കാര്‍ വേണ്ടത്ര നടപടി കൈക്കൊണ്ടിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഗൂജ്ജെക്കെതിരെയുള്ള നിയമപോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍.
സൈബര്‍ ആക്രമണങ്ങള്‍ ശക്തമായ ചൈനയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ഗൂഗിള്‍ അറിയച്ചിരുന്നു. ചൈനയിലെ സൈബര്‍ ആക്രമണങ്ങള്‍ വ്യാപമായതിന് തൊട്ടുപിന്നാലെയാണ് ഗൂജ്ജെയ്ക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് ഗൂഗിള്‍ അറിയിച്ചത്.
അന്താരാഷ്ട്ര ട്രേഡ് മാര്‍ക്ക് നിയമങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരെയായാണ് ചൈനീസ് വെബ്സൈറ്റ് ഗൂജ്ജെ പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ ആരോപിച്ചു. ഗൂജ്ജെ ലോഗോ സംബന്ധിച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കല്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പലരും മനസ്സിലാക്കിയിരിക്കുന്നത് ഗൂജ്ജെ ഗൂഗിളിന്റെ സഹ കമ്പനിയാണ് എന്നാണെന്നും യു എസ് കമ്പനി വ്യക്തമാക്കി.
സൈറ്റിന്റെ ലോഗോ ഉടന്‍ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍ നിയമവിദഗ്ധര്‍ ഗൂജ്ജെയ്ക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, ഇത്തരമൊരു വാര്‍ത്ത സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഇത്തരമൊരു സൈറ്റ് തുടങ്ങിയത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പേജിന്റെ രൂപത്തില്‍ തന്നെയാണ് ഗൂജ്ജെ ഹോം പേജും തയ്യാറാക്കിയിരിക്കുന്നത്.