ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബിലെ വീഡിയോകള്‍ക്ക് ഇനി മുതല്‍ യന്ത്രസഹായത്തോടെ സ്വയം തലവാചകം ചേര്‍ക്കും. ആദ്യഘട്ടത്തില്‍ ഇംഗ്ലീഷിലായിരിക്കും തലക്കെട്ടുകള്‍ നല്‍കുക. തുടക്കത്തില്‍ യൂട്യൂബിലെ പതിമൂന്ന് ചാനലുകളിലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. യൂട്യൂബുമായി സഹകരിക്കുന്ന ചാനലുകളില്‍ വിജയം കൈവരിച്ചാല്‍ മറ്റു ചാനലുകളില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിലും പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നെറ്റില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്ക് ഈ സേവനം ഉപകാരപ്രദമാകുമെന്നും എല്ലാവര്‍ക്കും പെട്ടെന്ന് അന്വേഷിച്ചു കണ്ടെത്താനാകുമെന്നും ഇന്‍റര്‍നെറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് വിന്‍റ് സെര്‍ഫ് പറഞ്ഞു. വീഡിയോ മാധ്യമങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി നെറ്റ്ലോകത്തെ എല്ലാവരിലും എത്തിക്കുക എന്നുള്ളതാണ്. യൂട്യൂബിലെ തലവാചക പദ്ധതിയില്‍ തനിക്ക് അതിയായ താല്പര്യമുണ്ടെന്നും അറുപത്തിയാറുകാരനായ സെര്‍ഫ് പറഞ്ഞു.
യൂട്യൂബിലെ വീഡിയോകള്‍ക്ക് മാന്വലായി തലവാചകങ്ങള്‍ ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും ഫീച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നില്ല. അപ്‌ലോഡ് ചെയ്യപ്പെടുന്ന മിക്ക വീഡിയോകള്‍ക്കും ഉള്ളടക്കമില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനാല്‍ തന്നെ ടാഗുകള്‍ വച്ചുള്ള അന്വേഷണം പൂര്‍ണ വിജയത്തിലെത്താറില്ല.
യൂട്യൂബില്‍ ഓരോ മിനുറ്റിലും 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് ഗൂഗിള്‍ സോഫ്റ്റ്വയര്‍ എഞ്ചിനീയര്‍ കെന്‍ ഹരെന്‍സ്റ്റിന്‍ പറഞ്ഞു. ഇത്തരത്തില്‍ ഗണ്യമായി അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ നെറ്റ് ഉപയോക്താവിന് പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമല്ല.
ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യൂട്യൂബിലെ വീഡിയോകള്‍ക്ക് യന്ത്രങ്ങള്‍ വഴി സ്വയം തലക്കെട്ട് കുറിയ്ക്കുന്നത്. വീഡിയോയില്‍ നിന്ന് ലഭ്യമായ ഉള്ളടക്കങ്ങള്‍ വച്ചായിരിക്കും യന്ത്രം തലക്കെട്ട് തീരുമാനിക്കുക. അതേസമയം, ഈ സാങ്കേതിക വിദ്യ പൂര്‍ണതയിലെത്താന്‍ സമയമെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. തലക്കെട്ട് പദ്ധതി ഇംഗ്ലീഷില്‍ വിജയിക്കുകയാണെങ്കില്‍ ഗൂഗിള്‍ അംഗീകരിച്ച 51 ഭാഷകളിലും ഈ സേവനം ലഭ്യമാക്കും.