കാലിഫോര്‍ണിയ, വെള്ളി, 20 നവംബര്‍ 2009( 16:36 IST )
വേഗതയില്‍ വിപ്ലവം സൃഷ്ടിക്കാനായി ഗൂഗിള്‍ പിസി. ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പുറത്തിറക്കുന്ന പുതിയ സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാകും. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പുറത്തിറക്കിയ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഗൂഗിളിന്‍റെ ബ്രൌസര്‍ സോഫ്റ്റ്വയര്‍ ക്രോം നേരത്തെ തന്നെ വിപണിയിലെത്തിയിരുന്നു.
കഴിഞ്ഞ നാലു മാസം മുമ്പാണ് ക്രോം ഒ എസ് പദ്ധതി ഗൂഗിള്‍ ആദ്യമായി അറിയിച്ചത്. ഓപ്പറേറ്റിംഗ് സിസ്റ്റം മേഖലയില്‍ ഗൂഗിള്‍ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്. വേഗതയില്‍ കുതിച്ചുച്ചാട്ടം നടത്താനായാല്‍ ക്രോം ഒ എസിന് കമ്പ്യൂട്ടര്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകും. സ്വതന്ത്ര സോഫ്റ്റ്വയറുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനി കൂടിയാണ് ഗൂഗിള്‍.
പുതിയ സോഫ്റ്റ്വയര്‍ ആദ്യഘട്ടമെന്ന നിലയ്ക്ക് 2010 ല്‍ അവധികാല സീസണില്‍ പുറത്തിറക്കും. ചെലവ് കുറഞ്ഞ നെറ്റ്ബുക്കുകളിലായിരിക്കും പരീക്ഷണം നടത്തുക. വെബ് ആപ്ലിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ക്രോം ഒ എസ് പുറത്തിറക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം വിപണിയില്‍ കടന്നുകയറാനുള്ള ഗൂഗിളിന്‍റെ ആദ്യശ്രമമല്ല ഇത്.
ക്രോം ഒഎസ് നെറ്റ്ബുക്ക് പ്രാഥമിക ഘട്ടത്തില്‍ വെബ്‌ബ്രൌസിംഗ് മെഷീനായാണ് പ്രവര്‍ത്തിക്കുകയെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. നെറ്റ് ബ്രൌസിംഗില്‍ മികച്ച വേഗത നല്‍കാന്‍ സാധിക്കുന്ന ക്രോം ഒ എസ് നെറ്റ്ബുക്ക് നേരത്തെ തന്നെ നിരവധി കമ്പനികള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്നു എങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല.
ക്രോം ഒ എസില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്ബുക്ക് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ഗൂഗിള്‍ ക്രോം ഒഎസ് പ്രൊഡക്ട് മാനേജ്മെന്‍റ് വക്താവ് സുന്ദര്‍ പിച്ചൈ പറഞ്ഞു. ടെലിവിഷന്‍ ബൂട്ട് ചെയ്യാനെടുക്കുന്ന സമയത്തിനുള്ളില്‍ ക്രോം ഒഎസ് നെറ്റ്ബുക്ക് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.