ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ഹാക്കാര്‍മാരുടെ കടന്നാക്രമണം. വെബ്സൈറ്റ് തുടങ്ങി ആദ്യ മാസത്തില്‍ 2.3 ദശലക്ഷം ഹാക്കിംഗ് ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും ലഭ്യമായ സൈറ്റില്‍ ഒരു മാസത്തിനുള്ളില്‍ 125 കോടി നെറ്റ് ഉപയോക്താക്കള്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ സൈറ്റ് തകര്‍ക്കാനുള്ള ശ്രമവും കൂടി. മിനിറ്റില്‍ 5,000 തവണ വീതം ഹാക്കിംഗ് ശ്രമം ഉണ്ടായതായും നെറ്റ് വിദഗ്ധര്‍ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്ന ചൈനയിലെ പ്രധാന സൈറ്റാണിതെന്നും അടുത്തിടെയുണ്ടാക്കായ ഹാക്കിംഗ് ആക്രമണങ്ങള്‍ ഏറെ ഭീതിയോടെയാണ് തങ്ങള്‍ വീക്ഷിക്കുന്നതെന്നും സൈറ്റ് എഡിറ്റര്‍ ജി ഗുയിലിന്‍ പറഞ്ഞു. 2009 ഓഗസ്റ്റിലാണ് ചൈനയുടെ പ്രതിരോധ സൈറ്റ് തുടങ്ങിയത്.
ഏറ്റവും കൂടുതല്‍ പേര്‍ സൈറ്റ് സന്ദര്‍ശിക്കാനെത്തിയത് അമേരിക്കയില്‍ നിന്നാണ്. അതേസമയം, ബ്രിട്ടന്‍, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സൈറ്റ് സന്ദര്‍ശിക്കാനെത്തുന്നുണ്ട്. സൈന്യത്തിന്‍റെ വിവിധ ചിത്രങ്ങള്‍ അന്വേഷിച്ചാണ് കൂടുതല്‍ പേരും ഈ സൈറ്റ് സന്ദര്‍ശിക്കുന്നത്. ഇതിനു പുറമെ, സൈന്യത്തിലെ ഉയര്‍ന്ന തലത്തിലുള്ള പരിപാടികള്‍, മിലിറ്ററി പവര്‍ എന്നിവ തേടിയും സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്ന് സൈറ്റ് നടത്തിപ്പുക്കാരനായ ജി പറഞ്ഞു.