വയര്‍ലെസ് ചിപ്പ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ മുഴുവനും സ്മാര്‍ട്ട് ഫോണ്‍ വിപണിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ വിപണിയില്‍ മികച്ച മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 2010ല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി വന്‍ വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് മൈക്രോചിപ്പ് നിര്‍മ്മാണ കമ്പനിയായ എ ആര്‍ എം.
കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചെറിയൊരു ഇടിവ് നേരിട്ടെങ്കിലും ചിപ്പ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം നേരിട്ടിരുന്നില്ല. ഈ വര്‍ഷത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി ഉയര്‍ച്ചയിലാണ്. അടുത്ത വര്‍ഷത്തില്‍ ഇതിന്‍റെ പതിമടങ്ങ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ ആര്‍ എം വക്താവ് ടിം സ്കോര്‍ പറഞ്ഞു.
ബാര്‍സിലോണയില്‍ നടന്ന മോര്‍ഗന്‍ സ്റ്റാന്‍ലി ആന്വല്‍ ടെക്നോളജി, മീഡിയ ആന്‍ഡ് ടെലികോംസ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയില്‍ ഇറങ്ങുന്ന 90 ശതമാനം മൊബൈല്‍ ഫോണുകളും രൂപകല്‍പന ചെയ്യുന്നത് എ ആര്‍ എമ്മാണ്. ആപ്പിള്‍ ഐഫോണ്‍, നോകിയ എന്‍ 900 സെറ്റുകള്‍ക്ക് ആവശ്യമുള്ള ചിപ്പുകളും നിര്‍മ്മിക്കുന്നത് എ ആര്‍ എമ്മാണ്.
വിവര സാങ്കേതിക ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണി കുതിച്ചുയരുകയാണ്. സാങ്കേതികതയിലും രൂപകല്‍പനയിലും ഏറെ മികച്ചു നില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് ദിവസവും വിപണിയിലെത്തുന്നത്. ഇതിനാല്‍ തന്നെ മൊബൈല്‍ഫോണ്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വരുമാനം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് ചിപ്പ് നിര്‍മ്മാണ കമ്പനികളും പ്രതീക്ഷിക്കുന്നത്. 2012ല്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയെ മറിക്കടക്കുമെന്നാണ് ഇന്‍ഫോനെറ്റിക്സ് റിസര്‍ച്ച് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2009 രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ മൊബൈല്‍, വൈഫി ഫോണുകളുടെ വില്‍പ്പനയില്‍ പത്ത് ശതമാനത്തിന്‍റെ മുന്നേറ്റമാണ് പ്രകടമായത്. അതേസമയം, വിപണിയിലെ വില സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വരുമാനത്തില്‍ ഒമ്പത് ശതമാനത്തിന്‍റെ ഇടിവ് പ്രകടമായി. എന്നാല്‍, 2009 രണ്ടാം പാദത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന 14.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ ഇത് 21 ശതമാനം വര്‍ധിക്കുമെന്നും ഇന്‍ഫോനെറ്റിക്സ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം, 2009ല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നേക്കുമെന്നാണ് കരുതുന്നത്. വിവിധ കമ്പനികളുടെ സെറ്റുകള്‍ വന്നതോടെ വില കുറയ്ക്കേണ്ടി വന്നതും പുതിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ വിപണിയിലെത്തിയതും വരുമാനത്തെ ബാധിച്ചേക്കും. 2009ല്‍ ആഗോളതലത്തില്‍ മൊത്തം 1.1 ബില്യന്‍ മൊബൈല്‍ ഫോണുകളാണ് വില്‍പ്പന നടത്തിയത്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ നോകിയ തന്നെയാണ് ഒന്നാം സ്ഥാനത്ത്.
2009 രണ്ടാം പാദത്തില്‍ ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഒമ്പത് ശതമാനം മുന്നേറ്റം നടത്തി. ഐഫോണ്‍ ത്രീജി എസ് ആണ് ആപ്പിള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി സജീവമാക്കിയത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തൊട്ടു പിറകെ ബ്ലാക്ക് ബെറിയുമുണ്ട്.