ലോസ് ഏഞ്ചല്‍സ്, ചൊവ്വ, 17 നവംബര്‍ 2009( 14:03 IST )
ദൃശ്യ മാധ്യമപ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് അവസരം നല്‍കാന്‍ യൂട്യൂബ് തയ്യാറാണ്. സ്വന്തമായി ഡിജിറ്റല്‍ ക്യാമറയോ, നൂതന ക്യാമറകളുള്ള സ്മാര്‍ട്ട് ഫോണുകളോ ഉണ്ടെങ്കില്‍ യൂട്യൂബില്‍ ഒരു വാര്‍ത്താ ചാനല്‍ തന്നെ തുടങ്ങാനാകും.
നിങ്ങളുടെ പ്രദേശത്തെ വാര്‍ത്തകളും സംഭവങ്ങളും യഥാസമയം ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂട്യൂബില്‍ എച്ച് ഡി വീഡിയോ സേവനം സിറ്റിസണ്‍ ജേര്‍ണലിസം മേഖലയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്.
ഇതോടെ കച്ചവടക്കാരനും ഐടി വിദഗ്ധനും ഒരു പോലെ വീഡിയോ വാര്‍ത്തകള്‍ നല്‍കാനാകും. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ നല്‍കാനായി പ്രത്യേക ചാനലുകള്‍ തുടങ്ങാനാകും. വരും നൂറ്റാണ്ട് സിറ്റിസന്‍ ജേര്‍ണലിസ്റ്റുകളുടെ കാലഘട്ടമായിരിക്കുമെന്നാണ് സാങ്കേതികലോകം നല്‍കുന്ന സൂചന. അവരവരുടെ നാട്ടിലെ സിനിമാ ഷൂട്ടിംഗ് വിശേഷങ്ങള്‍, രാഷ്ട്രീയ യോഗങ്ങള്‍, ട്രാജഡികള്‍ എല്ലാം ഇനി മുതല്‍ യൂട്യൂബില്‍ പ്രതീക്ഷിക്കാം.
സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ നിരീക്ഷിക്കാനായി യൂട്യൂബില്‍ പുതിയ ഗ്രൂപ്പിനെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്ത, യൂട്യൂബിന്‍റെ നിയമങ്ങള്‍ക്ക് എതിരായ വീഡിയോകള്‍ റദ്ദുചെയ്യാന്‍ അധികൃതര്‍ക്ക് അവകാശമുണ്ടായിരിക്കും. ന്യൂസ് ആന്‍ഡ് പൊളിറ്റിക്സിനായി പ്രത്യേക വിഭാഗം തന്നെ യൂട്യൂബിലുണ്ട്.