വിവരസാങ്കേതിക ലോകത്ത് സൂപ്പര്‍ കമ്പ്യൂട്ടര്‍ നേട്ടം സ്വന്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും കടന്നു കൂടി. സൂപ്പര്‍ കമ്പ്യൂട്ടര്‍ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ചൈന. ടിയന്‍ഹെ-1 എന്ന സൂപ്പര്‍ കമ്പ്യൂട്ടറാണ് ചൈനയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ചൈനയിലെ ടിയാന്‍ജിനിലെ നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ സെന്‍ററാണ് ഏറ്റവും പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ആദ്യ അഞ്ഞൂറ് സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ടിയബ്‌ഹെ-1ന് അഞ്ചാം സ്ഥാനമാണ്.
എഴുപതിനായിരത്തോളം ചിപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത ചൈനീസ് സൂപ്പര്‍ കമ്പ്യൂട്ടര്‍ സെക്കന്‍ഡില്‍ 563 ട്രില്യന്‍ കണക്കുകൂട്ടലുകള്‍ നടത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. പെട്രോളിയത്തിന്‍റെ സൂക്ഷ്മ പരിശോധനയും ഇതോടനുബന്ധിച്ചുള്ള എഞ്ചിനീയറിംഗ് പ്രവര്‍ത്തികളെയും ഏറെ സഹായിക്കാന്‍ സാധിക്കുന്നതാണ് പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍. എയര്‍ക്രാഫ്റ്റുകള്‍ രൂപകല്‍പ്പന ചെയ്യാനും ചൈനീസ് സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാവുന്നതാണ്.
അതേസമയം, നിലവില്‍ ഏറ്റവും വേഗത കൂടിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ അമേരിക്കയുടെ ജാഗുര്‍ തന്നെയാണ്. ജാഗുര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സെക്കന്‍ഡില്‍ ആയിരം ട്രില്യന്‍ കണക്കുകൂട്ടലുകള്‍ നടത്താനാകും. ടെന്നീസ്സയിലെ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയില്‍ നിര്‍മ്മിച്ചെടുത്ത ക്രേ സൂപ്പര്‍ കമ്പ്യൂട്ടറില്‍ 220,000 ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണം, മെറ്റീരിയല്‍ സയന്‍സ്, ന്യൂക്ലിയാര്‍ എനര്‍ജി എന്നീ മേഖലകളില്‍ ക്രേ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്.