ന്യൂഡല്‍ഹി, തിങ്കള്‍, 16 നവംബര്‍ 2009( 15:41 IST )
മൊബൈല്‍ ടെലികോം മേഖലയിലേ ഏറ്റവും പുതിയ സേവനങ്ങളില്‍ ഒന്നായ ത്രീജി ലഭ്യമാക്കുന്നതിനുള്ള ലേല നടപടികള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. രാജ്യത്ത് എല്ലായിടത്തും ത്രീജി സ്പെക്ട്രത്തിലും ഡിസംബറിനകം ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ സമ്പൂര്‍ണ ത്രീജി സേവനം ഉറപ്പാക്കുമെന്നും ടെലികോം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
നിരവധി തവണ നീട്ടിവെയ്ക്കപ്പെട്ട ത്രീജി സ്പെക്ട്രം ലേലത്തില്‍ നിരവധി കമ്പനികള്‍ പങ്കെടുക്കുമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. അതിവേഗ ഇന്‍റര്‍നെറ്റ് സേവനവും മറ്റ് ഡാറ്റാ സേവനങ്ങളും സെല്‍ഫോണ്‍ വഴി ലഭ്യമാക്കുന്ന സാങ്കേതിക സേവനമാണ് ത്രീജി നല്‍കുന്നത്. പൊതുമേഖലയ്ക്ക് പുറമെ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും ത്രീജി സേവനം ലഭ്യമാക്കാനുള്ള അവസരം പുതിയ ലേലത്തിലൂടെ ലഭിക്കും.
രാജ്യത്ത് ത്രീജി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള യോഗമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയാക്കി എല്ലാ ടെലികോം സര്‍ക്കിളുകളിലും ഡിസംബര്‍ ആദ്യത്തില്‍ ലേലം തുടങ്ങും. ലേലം വിളിച്ചെടുക്കുന്ന കമ്പനികള്‍ക്ക് ഉടന്‍ തന്നെ സേവനം ലഭ്യമാക്കുന്നതിന് അനുമതി നല്‍കും. ത്രീജി പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ ടെലികോം മേഖല വന്‍ കുതിച്ചുച്ചാട്ടം നടത്തിയേക്കുമെന്നാണ് കരുതുന്നത്.