ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » ഗൂഗിള്‍ ലോഗോ: നാലാം ക്ലാസുകാരന് അംഗീകാരം (Puru Pratap Singh bags Google doodle award)
Feedback Print Bookmark and Share
 
ശിശുദിനത്തോടനുബന്ധിച്ച്‌ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ കുട്ടികള്‍ക്കായി നടത്തിയ ഗൂഗിള്‍ ഡൂഡില്‍ (ലോഗോ) രൂപകല്‍നാ മത്സരത്തില്‍ ഒമ്പതുകാരനായ നാലാംക്ലാസുകാരന്‌ അംഗീകാരം. ഗുഡ്ഗാവ്‌ നഗരത്തിലെ പുരുപ്രതാപ്‌ സിംഗാണ്‌ അവാര്‍ഡ് നേടിയത്‌. മൈ ഇന്ത്യ, ഫുള്‍ ഓഫ്‌ ലൈഫ്‌ എന്നതായിരുന്നു മത്സരത്തിന് നല്‍കിയിരുന്ന വിഷയം.

കഴിഞ്ഞ അര്‍ദ്ധ രാത്രി മുതല്‍ ഈ കൊച്ചു പയ്യന്‍റെ ഭാവനാ ചിത്രം ഇന്‍റര്‍നെറ്റ് ലോകത്തേ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിള്‍ ഇന്ത്യയുടെ പൂമുഖ പേജില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മത്സരത്തില്‍ പങ്കെടുത്ത നാലായിരത്തോളം കുട്ടികളെ പിന്നിലാക്കിയാണ് പുരുപ്രതാപ് സിംഗ് ഗൂഗിളിന്‍റെ അംഗീകാരം നേടിയത്.

ഗൂഗിള്‍ എന്ന വാക്കിലെ ഓരോ അക്ഷരവും ഏറെ അര്‍ത്ഥവത്തായ ഭാവനയോടെയാണ് പുരുപ്രതാപ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യക്കാരനായ ഒരു വ്യക്തി നിര്‍മ്മിച്ച ലോഗോ ആദ്യമായാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ലോഗോയിലെ ആദ്യ അക്ഷരമായ 'ജി' വിവിധ മതങ്ങളെ സമരസപ്പെടുത്തിക്കൊണ്‌ട്‌ ദേശീയപക്ഷിയായ മയിലിന്‍റെ രൂപത്തില്‍ രൂപകല്‍പന ചെയ്തിരിയ്ക്കുന്നു. രാജ്യത്തിന്‍റെ ദേശീയതയും ഐക്യവുമാണ്‌ ഇതു കൊണ്‌ടുദ്ദേശിയ്ക്കുന്നത്‌.

രണ്ടാമത്തെ അക്ഷരമായ 'ഒ' ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തെ കുറിച്ചാണ് പറയുന്നത്. ലോകത്ത് ആദ്യമായി ചന്ദ്രനില്‍ ജലസാന്നിധ്യം കണ്‌ടെത്തിയ ഇന്ത്യയുടെ ചാന്ദ്രയാന്‍ നേട്ടത്തെ കാണിക്കുന്നു. പിന്നീട് വരുന്ന അക്ഷരങ്ങള്‍ രാജ്യത്തിന്‍റെ ദേശീയതയാണ്‌ സൂചിപ്പിയ്ക്കുന്നത്‌. ലോഗോയിലെ അവസാന 'ജി' നെഹ്‌റു ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിച്ച കശ്മീരിനെ എടുത്ത് കാണിക്കുന്നു. 'എല്‍' രാജ്യത്തിന് പോരാടിയ വീരമൃത്യുവരിച്ച ജവാന്മാരുടെ ജ്വലിയ്ക്കുന്ന സ്മരണകള്‍ക്കായി സമര്‍പ്പിക്കുന്നു.

വിദേശ ശക്തികളില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കാന്‍ പോരാട്ടം നയിച്ച രാഷ്ട്രപിതാവായ മഹാത്‌മാഗാന്ധിജിയെയും പുരുപ്രതാപ്‌ മറന്നില്ല. ലോഗോയിലെ അവസാന അക്ഷരം ബാപ്പുവിനെ ഓര്‍ക്കാനായി മാറ്റി വച്ചു. മത്സരത്തില്‍ 60,000 വോട്ടുകള്‍ നേടിയാണ്‌ പുരുപ്രതാപ്‌ അവസാന വിജയം നേടിയത്‌. ലാപ്‌ ടോപ്പും ടീ- ഷര്‍ട്ടുകളുമാണ്‌ സമ്മാനമായി ലഭിച്ചത്‌.

ഇതിനെല്ലാം പുറമെ പുരുപ്രതാപിന്‍റെ വിദ്യാലയത്തിന്‌ ഒരു ലക്ഷം രൂപയുടെ സാങ്കേതിക സഹായവും ലഭിച്ചു. അതേസമയം, ഗൂഗിളിന്‍റെ അംഗീകാരം ലഭിച്ച പുരുപ്രതാപിന് ഒരു കലാകാരനാകാന്‍ താത്‌പര്യമില്ലെന്നാണ് പറയുന്നത്. പുരുപ്രതാപിന് ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍