ഐ ടി വാര്‍ത്ത | ലേഖനങ്ങള്‍
പ്രധാന താള്‍ » വാര്‍ത്താലോകം » ഐ.ടി » ഐ ടി വാര്‍ത്ത » താരിഫ് യുദ്ധത്തിലും തളരാതെ എയര്‍ടെല്‍ (Bharti adds 2.7 mn mobile users in Oct)
Feedback Print Bookmark and Share
 
രാജ്യത്തെ മൊബൈല്‍ ടെലികോം മേഖലയിലെ താരിഫ് നിരക്കിലുള്ള യുദ്ധമൊന്നും ഭാരതി എയര്‍ടെല്ലിന് ഭീഷണിയാകുന്നില്ല. രാജ്യത്തെ മുന്‍‌നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഒക്ടോബറില്‍ 2.7 ദശലക്ഷം അധിക വരിക്കാരെ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ എയര്‍ടെല്ലിന്‍റെ മൊത്തം വരിക്കാരുടെ എണ്ണം 113.2 ദശലക്ഷമായി.

രാജ്യത്തെ മൊബൈല്‍ ടെലികോം വിപണിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന വൊഡാഫോന്‍ 2.98 ദശലക്ഷം വരിക്കാരെ നേടി വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇതോടെ വൊഡാഫോന്‍റെ മൊത്തം വരിക്കാരുടെ എണ്ണം 85.8 ദശലക്ഷമായി ഉയര്‍ന്നു. ഒക്ടോബറിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വരിക്കാരെ ലഭിച്ചതും വൊഡാഫോണിനാണ്.

2009 മാര്‍ച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് വരിക്കാരുടെ എണ്ണത്തില്‍ വൊഡാഫോണ്‍ മുന്നിലെത്തുന്നത്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ പത്ത് ദശലക്ഷം അധിക ജി എസ് എം വരിക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇത് മുന്‍ മാസത്തെ കണക്കുകളെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ മുന്നേറ്റമാണ് കാണിക്കുന്നത്. രാജ്യത്തെ മൊത്തം ജി എസ് എം വരിക്കാരുടെ എണ്ണം 355.2 ദശലക്ഷത്തിലെത്തി.

മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ എസാര്‍, ടാറ്റാ ടെലി സര്‍വീസ് എന്നിവരുള്‍പ്പെടുന്ന സേവനദാതാക്കള്‍ ആകര്‍ഷണീയ പാക്കേജുകളോടൊപ്പം കുറഞ്ഞ കോള്‍ നിരക്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വിപണി കീഴടക്കുകയാണ്. പുതിയ താരിഫ് പദ്ധതിയായ സെക്കന്‍റ് ബില്ലിംഗ് എല്ലാ കമ്പനികളും അവതരിപ്പിച്ചതോടെ ഇനിയും വരിക്കാരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് കരുതുന്നത്.

അതേസമയം, രാജ്യത്ത് ടെലികോം വരിക്കാരുടെ എണ്ണം 50 കോടിയിലെത്തി. പ്രതീക്ഷിച്ചതിനും 15 മാസം മുമ്പാണ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. 2010 അവസാനത്തോടെ ഇന്ത്യയിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 50 കോടി കടക്കുമെന്നാണ് കരുതുന്നത്.

സെപ്റ്റംബര്‍ അവസാനത്തില്‍ ഇന്ത്യയിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 50.90 കോടിയിലെത്തി നില്‍ക്കുകയാണ്. ഓഗസ്റ്റില്‍ വരിക്കാരുടെ എണ്ണം 49.40 കോടി ആയിരുന്നു. വരിക്കാരുടെ എണ്ണത്തില്‍ ഒറ്റ മാസത്തിനുള്ളില്‍ 3.03 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. 2010 അവസാനത്തോടെ രാജ്യത്തെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 50 കോടി കടക്കുമെന്ന് കണക്കാക്കിയിരുന്നത്. എന്നാല്‍, 2009 സെപ്റ്റംബറില്‍ തന്നെ ഈ നേട്ടം കൈവരിച്ചതായി ട്രായ് അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍