മൈക്രോസോഫ്റ്റ് തൊഴിലാളികളെ കുറയ്ക്കുന്നു
ന്യൂഡല്‍ഹി, വ്യാഴം, 5 നവംബര്‍ 2009( 21:42 IST )
മൈക്രോസോഫ്റ്റ് ആഗോള വ്യാപകമായി അവരുടെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവു വരുത്തുന്നു. മൈക്രോസോഫ്റ്റിന്‍റെ വിവിധ വ്യാപാര മേഖലകളിലാണ് തൊഴിലാളികളുടെ പിരിച്ചുവിടല്‍ പ്രതീക്ഷിക്കുന്നത്. എണ്ണൂറോളം തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ തൊഴിലാളികളെ പിരിച്ചുവിടില്ലെന്നാണ് സൂചന. 5300 ജീവനക്കാരാണ് മൈക്രോസോഫ്റ്റിന് ഇന്ത്യയിലുള്ളത്. പിരിച്ചുവിടല്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ തന്നെ വിരലിലെണ്ണാവുന്ന അത്രയും ആളുകളെ മാത്രമേ ഒഴിവാക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
5000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ജനുവരിയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. എച്ച് ആര്‍, മാര്‍ക്കറ്റിംഗ്, സെയില്‍സ്, ലീഗല്‍, ഐ ടി, ഫിനാന്‍സ് മേഖലകളിലായിരിക്കും ജീവനക്കാരെ കുറയ്ക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.