വിവര സാങ്കേതികതയുടെ കുതിപ്പില്‍ ബംഗ്ലാദേശ് ഏറെ മാറിയിരിക്കുന്നു. ഇവിടത്തെ മിക്ക ഗ്രാമങ്ങളും ഐ ടി ഗ്രാമങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടത്തെ മൊബൈല്‍ റിംഗ് ടോണുകളുടെ മുഴക്കം പോസ്റ്റുമാന്‍മാരുടെ മരണമണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടത്തെ മിക്ക പോസ്റ്റ് ഓഫീസുകളും അടച്ചു പൂട്ടലിന്‍റെ ഭീഷണിയിലാണ്. ആശയവിനിമയത്തിനായി ഇവിടത്തുകാര്‍ ചാറ്റിംഗും മൊബൈല്‍ ഫോണുകളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
ബംഗ്ലാദേശില്‍ അല്‍പം വയസ്സന്‍മാര്‍ മാത്രമാണ് ഇപ്പോള്‍ കത്ത് അയക്കുന്നത്. പുതുതലമുറയെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു തുടങ്ങി. അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും മൊബൈല്‍ വിപ്ലവം സൃഷ്ടിച്ചതോടെ ബംഗ്ലാദേശിലെ ജനങ്ങളും മൊബൈല്‍ ഉപയോഗിക്കാന്‍ തയ്യാറാകുകയായിരുന്നു. നേരത്തെ വന്‍ ഓഫറുകളും പ്രചാരങ്ങളും നടത്തിയതിന് ശേഷമാണ് ബംഗ്ലാദേശിലെ ജനങ്ങള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
പോസ്റ്റ് മേഖല തകരുമോ എന്ന ഭീതി ബംഗ്ലാദേശിലെ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്കുണ്ട്. 150 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ബംഗ്ലാദേശ് പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്‍റ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. പത്ത് വര്‍ഷം മുമ്പ് 240 ദശലക്ഷം കത്തുകള്‍ ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ലഭിച്ചത് 150 ദശലക്ഷം കത്തുകളാണ്. ബംഗ്ലാദേശില്‍ ആകെ പതിനായിരത്തോളം പോസ്റ്റ് ഓഫീസുകള്‍ പ്രവത്തിക്കുന്നുണ്ട്.
അതേസമയം, ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം ബംഗ്ലാദേശില്‍ ആകെ 144 ദശലക്ഷം ജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. 2003 കണക്കുകള്‍ പ്രകാരം ഇവരില്‍ 1.5 ദശലക്ഷം മൊബൈല്‍ വരിക്കാരാണ് ഉണ്ടായിരുന്നത് എങ്കില്‍ കഴിഞ്ഞ മാസം ഇത് 50 ദശലക്ഷമായി മാറി.