സാന്‍ഫ്രാന്‍സിസ്കോ, ചൊവ്വ, 3 നവംബര്‍ 2009( 17:39 IST )
ഇ-റീഡര്‍ സാങ്കേതിക മേഖലയിലെ മുന്നേറ്റം തുടരുകായാണ്. വായനയും പുസ്തകവും ഇ-റീഡര്‍ ഉല്‍പ്പന്നങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ചിപ് നിര്‍മ്മാണ കമ്പനിയായ മാര്‍വെല്‍ ടെക്നോളജി ഗ്രൂപ്പും ഇലക്ട്രോണിക്സ് റീഡര്‍ വിപണിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഈ മേഖലയില്‍ മാര്‍വെല്‍ പുതിയ പ്ലാറ്റ്ഫോം തന്നെ തുടങ്ങി. ഏറ്റവും പുതിയ സാങ്കേതിക സേവനങ്ങളുമായി പുറത്തിറങ്ങുന്ന മാര്‍വെല്‍ ഇ-റീഡര്‍ വില കുറവിലും മുന്നിലായിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മാര്‍വെലിന്‍റെ ഇ-റീഡര്‍ 2010 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-റീഡറും നെറ്റ്ബുക്കും ചേര്‍ന്നൊരു ഉല്‍പ്പന്നം നേരത്തെ മാര്‍വെല്‍ പുറത്തിറക്കിയിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമയി മാധ്യമ മേഖലയിലെ പ്രമുഖ കമ്പനിയായ ഫസ്റ്റ് പേപ്പറുമായി യോജിച്ച് പ്രവര്‍ത്തിക്കാനും മാര്‍വെല്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ വിപണിയില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും വിലകുറഞ്ഞ ഉല്‍പ്പന്നമാണ് മാര്‍വെല്‍ പുറത്തിറക്കുകയെന്ന് കമ്പനി മേധാവി വെയിലി ദായ് പറഞ്ഞു. ഏകദേശം 150 ഡോളര്‍ വിലയുള്ള ഇ-റീഡറായിരിക്കും മാര്‍വെല്‍ പുറത്തിറക്കുക. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പേജുകള്‍ ഡിസ്പ്ലേ ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്ന് മാര്‍വെല്‍ വക്താവ് അറിയിച്ചു.
ലോകത്തിലെ ഇ-റീഡര്‍ വിപണി സജീവമായത് 2009 വര്‍ഷമാണ്. ആമസോണിന്‍റെ കിന്‍ഡില്‍ ഈ മേഖലയില്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തൊട്ടു പിന്നാലെ സോണിയുടെ ഇ-റീഡറും വിപണി പിടിച്ചടക്കാന്‍ മത്സരിക്കുകയാണ്. ഏറ്റവും അവസാനമായി ബാര്‍നസ് ആന്‍ഡ് നോബിള്‍ ‘നുക്’ ഇ-റീഡറും പുറത്തിറക്കിയിട്ടുണ്ട്.
ഫൊറെസ്റ്റര്‍ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടു കൂടി മൂന്നു ദശലക്ഷം ഇ-റീഡര്‍മാരെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് 2010ല്‍ ഇരട്ടിയാകുമെന്നും കരുതുന്നു. ഇ-റീഡര്‍ വിപണിയില്‍ നിരവധി കമ്പനികള്‍ സജീവമായതോടെ ഉല്‍പ്പന്നങ്ങളുടെ വിലയും കുറച്ചിരിക്കയാണ്.