ന്യൂയോര്‍ക്ക്, ശനി, 31 ഒക്ടോബര്‍ 2009( 14:42 IST )
മൊബൈല്‍ വിപണിയിലെ ജനപ്രിയ സെറ്റുകളായ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കുറയുന്നു. വിവിധ മൊബൈല്‍ കമ്പനികള്‍ക്കിടയിലെ മത്സരം വര്‍ധിച്ചതോടെയാണ് സ്മാര്‍ട്ട് ഫോണുകളുടെയും വില ഇടിഞ്ഞത്. എ ബി ഐ റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ പഠന പ്രകാരം 2007ല്‍ 18 ശതമാനം സ്മാര്‍ട്ട് ഫോണുകളും 200 അമേരിക്കന്‍ ഡോളറിന് താഴെയായിരുന്നു വില. എന്നാല്‍, നടപ്പ് വര്‍ഷത്തില്‍ ഇത് 27 ശതമാനമായി ഉയര്‍ന്നിരുക്കുന്നു. 2014 ആകുന്നതോടു കൂടി 45 ശതമാനം സ്മാര്‍ട്ട് ഫോണുകളും 200 ഡോളറിന് താഴെ വില വരുമെന്നാണ് കരുതുന്നത്.
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുന്നേറ്റമാണ് വിലകുറച്ചിലിന്‍റെ പിന്നിലെന്നാണ് കരുതുന്നത്. ഉപഭോക്താക്കളുടെ താത്‌പര്യങ്ങളും അഭിരുചികളും മാറിക്കൊണ്ടിരിക്കുന്നതും സ്മാര്‍ട്ട് ഫോണുകളുടെ വില കുറയാന്‍ കാരണാമായി. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗസാധ്യതകള്‍ മനസ്സിലാക്കിയാണ് മിക്ക ഉപഭോക്താക്കളും പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. അതിനാല്‍ തന്നെ പഴയ മോഡല്‍ സെറ്റുകളും, സാങ്കേതികതയില്‍ പിന്നില്‍ നില്‍ക്കുന്ന സെറ്റുകളും വിലകുറച്ച് വിപണിയില്‍ മത്സരിക്കേണ്ടതായി വരുന്നു.
മിക്കവരും സെറ്റുകളിലെ സോഫ്റ്റ്വയറുകള്‍ ശ്രദ്ധിക്കുന്നതിന് പകരം ഹാര്‍ഡ്‌വയറുകളുടെ രൂപകല്‍പന നോക്കിയാണ് വാങ്ങുന്നത്. എന്നാല്‍, സ്മാര്‍ട്ട് ഫോണാകുമ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റവും അനുബന്ധ സാങ്കേതിക സേവനങ്ങളും വിലയിരുത്തിയാണ് വാങ്ങുന്നത്. ഇത്തരത്തില്‍ സമാന സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന സെറ്റുകളുടെ വില മറ്റുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ വിലകുറയ്ക്കേണ്ടതായി വരുന്നു.
എ ബി ഐ റിസര്‍ച്ച് ഗ്രൂപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില 100നും 200 ഡോളറിനിടയിലെത്തുമെന്നാണ് കണക്കാക്കുന്നത്.