നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്‍റര്‍നെറ്റ് ലോകം വന്‍ മാറ്റങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ്. വെബ് അഡ്രസുകള്‍ ലാറ്റിന്‍ ഭാഷകള്‍ക്ക് പുറമെ ലോകത്തെ മറ്റിതര ഭാഷകളിലും ഉപയോഗിക്കാമെന്നായിരിക്കുന്നു. ഇതിനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. ഇതൊടെ ഇനി മലയാള ഭാഷയില്‍ ലഭ്യമാകുന്ന വെബ് അഡ്രസുകളും ദൂരെയല്ലെന്ന് പറയാം.
വിവരസാങ്കേതിക ലോകത്ത് 160 കോടിയോളം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനാല്‍ തന്നെ വെബ് വിലാസങ്ങള്‍ എല്ലാ ഭാഷകളില്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഏത് ഭാഷ ഉപയോഗിക്കുന്നവരായാലും വെബ്സൈറ്റ് സേവനം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മനി ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണമെന്നത് നെറ്റ് ലോകത്ത് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇനി വിലാസങ്ങളെല്ലാം ലാറ്റിന്‍ ഭാഷാ ലോകത്ത് നിന്ന് നീങ്ങുകയാണ്.
വെബ് ഡൊമെയിന്‍ നാമങ്ങള്‍ അനുവദിക്കുന്ന ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) ആണ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഐകാന്‍ വാര്‍ഷികസമ്മേളനം അവസാന അനുമതി നല്കിയത്.
ലാറ്റിന്‍ ഭാഷയ്ക്ക് പുറത്തുള്ള ആദ്യ അഡ്രസ്സ് ആദ്യമായി പരീക്ഷിക്കുന്നത് ചൈനീസ് ഭാഷയിലാണ്. പുതിയ ചൈനീസ് വിലാസം അടുത്ത വര്‍ഷമാദ്യം നിലവില്‍ വരുമെന്നാണ് കരുതുന്നത്. പിന്നീട് അറബിക്, റഷ്യന്‍, ഹിന്ദി ഭാഷകളിലും വിലാസം വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
എന്തായാലും വരും വര്‍ഷങ്ങളില്‍ മലയാളത്തിലും വെബ് അഡ്രസുകള്‍ വരുമെന്ന് ഉറപ്പാണ്. അങ്ങനെ നെറ്റ് ലോകത്തും മലയാളിക്ക് അഡ്രസുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.