വാഷിംഗ്ടണ്‍, വ്യാഴം, 29 ഒക്ടോബര്‍ 2009( 17:10 IST )
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ മൊബൈല്‍ ഫോണുകള്‍ക്കായി സൌജന്യ ജി പി എസ് നാവിഗേഷന്‍ സേവനം തുടങ്ങുന്നു. യു എസ് ടെലികോം മേഖലയിലെ പ്രമുഖ കമ്പനികളായ വെരിസന്‍ വയര്‍ലെസും മോട്ടൊറോളയും ചേര്‍ന്ന് പുറത്തിറക്കുന്ന പുതിയ സെറ്റ് ഡ്രോയിഡില്‍ ഗൂഗിളിന്‍റെ നാവിഗേഷന്‍ സേവനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഏകദേശം 200 ഡോളര്‍ വിലവരുന്ന ഡ്രോയിഡ് സെറ്റ് അപ്പിളിന്‍റെ ഐഫോണ്‍, റിമിന്‍റെ ബ്ലാക്ക് ബെറി സെറ്റുകള്‍ക്ക് വിപണിയില്‍ വന്‍ ഭീഷണിയാകുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ നാവിഗേഷന്‍ പോലുള്ള നിരവധി സാങ്കേതിക സേവനങ്ങളുമായാണ് ഡ്രോയിഡ് പുറത്തിറങ്ങുന്നത്.
ഗൂഗിളിന്‍റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 2.0യില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമെ ഗൂഗിള്‍ നാവിഗേഷനും പ്രവര്‍ത്തിക്കുകയുള്ളൂ. ഗൂഗിള്‍ നാവിഗേഷനില്‍ ത്രീഡി മാപ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ വഴിപറഞ്ഞു തരാന്‍ ശബ്ദസഹായവും ലഭ്യമായിരിക്കും.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സേവനം ലഭിക്കുന്ന നാവിഗേഷണില്‍ ഇംഗ്ലീഷിലാണ് ശബ്ദനാവിഗേഷന്‍ സഹായം നല്‍കുന്നത്. ഹോട്ടലുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, റെസ്റ്റ് ഹൌസുകള്‍ എല്ലാം സൌജന്യ മൊബൈല്‍ നാവിഗേഷന്‍ സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.