സാന്‍ഫ്രാന്‍സിസ്കോ, തിങ്കള്‍, 26 ഒക്ടോബര്‍ 2009( 16:55 IST )
പി എസ് ത്രീ മൂവി സ്ട്രീമിംഗ് സേവനത്തിനായി നെറ്റ്ഫ്ലിക്സും സോണിയും ധാരണയിലെത്തി. പ്ലേസ്റ്റേഷന്‍ വഴി നെറ്റ്ഫ്ലിക്സിന്‍റെ സിനിമകളും കാണാനാകുമെന്ന് സോണി അറിയിച്ചു. സിനിമകളുടെ ഡിവിഡികളും മറ്റു ഡിസ്കുകളും വാടകയ്ക്ക് നല്‍കുന്ന കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് ലൈബ്രറിയില്‍ നിരവധി സിനിമകള്‍ ലഭ്യമാണ്.
അമേരിക്കയിലെ പ്ലേസ്റ്റേഷന്‍ ത്രീയുടെ ഉപയോക്താക്കള്‍ക്കെല്ലാം അധിക ചെലവില്ലാതെ നെറ്റ്ഫ്ലിക്സിന്‍റെ അംഗത്വവും ലഭിക്കുമെന്ന് സോണി അറിയിച്ചു. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബൊക്സ് 360 യുമായി വിപണിയില്‍ മത്സരിക്കുന്ന സോണി പി എസ് ത്രീക്ക് നെറ്റ്ഫ്ലിക്സുമായ ധാരണ വന്‍ നേട്ടമാകുമെന്നാണ് കരുതുന്നത്. ഇരു കമ്പനുകളുടെ ഉല്‍പ്പന്നങ്ങളും ഗെയിം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും മറ്റു സേവനങ്ങളിലൂടെ വരുമാനം ലഭ്യമാക്കുന്നുണ്ട്.
ഗെയിമിന് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം തന്നെ ഇത്തരം സേവനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് സോണി കമ്പ്യൂട്ടര്‍ എന്‍റര്‍ടൈറ്റ്മെന്‍റ് വക്താവ് ജാക് ടെറിട്ടൊന്‍ പറഞ്ഞു. എക്സ് ബൊക്സ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ 50 ഡോളര്‍ ചെലവില്‍ നെറ്റ്ഫ്ലിക്സ് സേവനം നല്‍കുന്നുണ്ട്. ആയിരക്കണക്കിന് സിനിമകളും നിരവധി ടെലിവിഷന്‍ പരിപാടികളുമാണ് നെറ്റ്ഫ്ലിക്സ് നല്‍കുന്നത്. നെറ്റ്ഫ്ലിക്സ് നവംബര്‍ മുതല്‍ പ്ലേസ്റ്റേഷനില്‍ എത്തുമെന്നാണ് കരുതുന്നത്.