ന്യൂയോര്‍ക്ക്, തിങ്കള്‍, 26 ഒക്ടോബര്‍ 2009( 16:47 IST )
വിവരസാങ്കേതിക ലോകത്തെ ഡിജിറ്റല്‍ പുസ്തക വിപ്ലവം പുസ്തക സ്റ്റോറുകള്‍ക്ക് ഭീഷണിയാകുന്നു. കടലാസ് പുസ്തകങ്ങളെല്ലാം നിലവില്‍ ഇ-പുസ്തകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിലെ പ്രമുഖ പുസ്തക പ്രസാധകരൊക്കെ ഇ-ബുക്സ് ഭീഷണി നേരിടുകയാണ്. അമേരിക്കയിലെ പ്രമുഖ പുസ്തക പ്രസാധകരായ ബാര്‍ണസ് ആന്‍ഡ് നോബല്‍സ് പോലും ഇ-റീഡര്‍ സംവിധാനം വിപുലമാക്കാന്‍ പദ്ധതിയിട്ടിരിക്കയാണ്.
മറ്റു ഇ-റീഡര്‍ സംവിധാനങ്ങളുമായി മത്സരിക്കാനായി ബാര്‍ണസ് ആന്‍ഡ് നോബിള്‍ ‘നുക്ക്’ എന്നൊരു ഉപകരണവും പുറത്തിറക്കി കഴിഞ്ഞു. ആമസോണിന്‍റെ കിന്‍ഡില്‍ ഈ മേഖലയില്‍ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കിന്‍ഡിലാണ് ഇ-റീഡര്‍ വിപണിയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ബാര്‍ണസ് ആന്‍ഡ് നോബിള്‍ ഓണ്‍ലൈന്‍ ഇ-ബുക്സില്‍ ദശലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ലഭ്യമാണ്. ബാര്‍ണസ് ആന്‍ഡ് നോബിളിന്‍റെ ഇ-റീഡര്‍ സംവിധാനം ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ക്ക് പുറമെ മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാനാകും. ഡിജിറ്റല്‍ പുസ്തക ബിസിനസില്‍ ബാര്‍ണസ് ആന്‍ഡ് നോബിളിന് വിപണിയില്‍ മികച്ച സ്ഥാനമാണുള്ളത്. എങ്കിലും കമ്പനിയുടെ വരുമാനത്തില്‍ കുറവ് വന്നിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനവും ലാഭവും താഴോട്ടാണെന്ന് കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
നുക് വഴിയുള്ള പുസ്തക വില്‍പ്പന ലാഭകരമല്ല. അതേസമയം, ഇ-പുസ്തകങ്ങള്‍ വ്യാപകമായതോടെ സാധാരണ പുസ്തകങ്ങളുടെ വില്‍പ്പനയും കുറഞ്ഞു. ബാര്‍ണസ് ആന്‍ഡ് നോബല്‍സിന്‍റെ വരുമാനം കുറയാന്‍ കാരണവും ഇതാണ്. നിലവില്‍ ഇ-പുസ്തക വായനക്കാര്‍ കുറവാണെങ്കിലും ഈ മേഖലയിലെ വളര്‍ച്ച കുതിക്കുകയാണ്. ഫോറസ്റ്റ് റിസര്‍ച്ചിന്‍റെ പ്രവചന പ്രകാരം 2009 അവസാനത്തില്‍ മൂന്നു ദശലക്ഷം ഇ-വായനക്കാരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2010 അവസാനത്തില്‍ ഇത് പതിമടങ്ങ് വര്‍ധിക്കുമെന്നും കരുതുന്നു.